കോണ്‍ഗ്രസ് എംഎല്‍എയായ ഭാര്യയ്‌ക്കൊപ്പം ഒരു വീട്ടില്‍ കഴിയില്ല: സ്വന്തം വീടുവിട്ടിറങ്ങി ബിഎസ്പി സ്ഥാനാര്‍ഥി


ഭോപാല്‍: രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മധ്യപ്രദേശ് ബാലാഘട്ട് ബിഎസ്പി സ്ഥാനാർഥി കങ്കർ മുഞ്ചാരെയുടെ പ്രവർത്തികളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം വീടുവിട്ടിറങ്ങിയിരിക്കുകയാണ് കങ്കർ മുഞ്ചാരെ.

കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ ഭാര്യ അനുഭ മുഞ്ചാരെയ്ക്കൊപ്പം തെരഞ്ഞെടുപ്പ് സമയത്ത് ഒരു വീട്ടില്‍ കഴിയുന്നത് ജനങ്ങള്‍ തെറ്റുദ്ധരിക്കുമെന്ന് ചൂണ്ടികാട്ടിയാണ് കങ്കർ വീടുവിട്ടത്.

read also: ഒരു പയ്യന്റെ കൂടെ അവള്‍ കാട്ടിക്കൂട്ടുന്നത് അംഗീകരിക്കില്ല! ബന്ധം അവസാനിച്ചുവെന്ന് ജാസ്മിന്റെ കാമുകൻ

തെരഞ്ഞെടുപ്പ് സമയത്ത് വ്യത്യസ്ത ആശങ്ങള്‍ പിന്തുടരുന്ന രണ്ട് പേർ ഒരു കുടക്കീഴില്‍ താമസിക്കുന്നത് ശരിയല്ല. ഏപ്രില്‍ 19ന് പോളിങ് അവസാനിച്ച ശേഷം താൻ വീട്ടിലേക്ക് മടങ്ങിവരുമെന്നും കങ്കർ മുഞ്ചാരെ പറഞ്ഞു.

എന്നാൽ, കങ്കർ മുഞ്ചാരെയുടെ തീരുമാനത്തില്‍ ഭാര്യ അനുഭ മുഞ്ചാരെ തൃപ്തയല്ലെന്നും മുൻ തെരഞ്ഞെടുപ്പുകളില്‍ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും അനുഭ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

‘ഞങ്ങള്‍ വിവാഹിതരായിട്ട് 33 വർഷമായി. ഞങ്ങളുടെ മകനോടൊപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാലാഘട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി സാമ്രാട്ട് സരസ്വത്ത് വിജയിക്കുന്നത് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. ഞാൻ ആത്മാർഥതയുള്ള കോണ്‍ഗ്രസുകാരിയാണ്. പ്രചാരണ വേളയില്‍ എന്റെ ഭർത്താവിനെ കുറിച്ച്‌ മോശമായി ഒന്നും പറയില്ല’ – അനുഭ മുഞ്ചാരെ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.