കെജ്രിവാള്‍ ഒരാഴ്ച കൂടെ ജയിലില്‍ തുടരണം


ന്യൂഡല്‍ഹി: അറസ്റ്റ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ ബുധനാഴ്ച പരിഗണിച്ചേക്കില്ല.

ഇതോടെ കെജ്രിവാള്‍ ഒരാഴ്ച കൂടി തിഹാര്‍ ജയിയില്‍ തുടരേണ്ടിവരും. അവധികള്‍ക്കുശേഷം കോടതി തിങ്കളാഴ്ച ചേരുമ്പോള്‍ മാത്രമേ ഇനി കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കാന്‍ സാധ്യതയുള്ളൂ.

കെജ്രിവാളിന്റെ ഹര്‍ജിയില്‍ അടിയന്തരവാദം കേള്‍ക്കാന്‍ ബുധനാഴ്ച സുപ്രീം കോടതി പ്രത്യേക ബെഞ്ച് രൂപവത്കരിക്കില്ല. കോടതി കലണ്ടര്‍ പ്രകാരം വ്യാഴാഴ്ച പെരുന്നാള്‍ അവധിയാണ്. വെള്ളിയാഴ്ച പ്രാദേശിക അവധിയും. അതുകഴിഞ്ഞുള്ള ശനി, ഞായര്‍ ദിവസങ്ങളിലെ അവധികൂടി കഴിഞ്ഞ് തിങ്കളാഴ്ച മാത്രമേ ഇനി കോടതി ചേരുകയുള്ളൂ.

അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി ഹര്‍ജിയുടെ കാര്യം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ബുധനാഴ്ച പരിഗണിക്കുമോയെന്ന കാര്യത്തില്‍ സൂചനപോലും നല്‍കാതെ, പരിശോധിക്കാം എന്ന മറുപടിയായിരുന്നു ചീഫ് ജസ്റ്റിസ് നല്‍കിയത്.