പുറത്തിറങ്ങാൻ പറ്റാത്ത ചൂടാണ് ബാംഗ്ലൂരിൽ. സഹിക്കാനാകാത്ത ചൂടിനൊപ്പം കടുത്ത ജലക്ഷാമവും കൂടിയതോടെ പകൽ ജീവിതം തന്നെ ബുദ്ധിമുട്ടിലായി. പകൽ നഗരത്തിലേക്കിറങ്ങുക എന്നത് തന്നെ അസാധ്യമായിട്ടുണ്ട്. 2016ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ദിവസം വരെ നഗരത്തെ കടന്നുപോയി. 37.2 ഡിഗ്രി സെല്‍ഷ്യസ് വരെ ബെംഗളുരുവിൽ രേഖപ്പെടുത്തി. ഓഫീസിലേക്കും സ്കൂളുകളിലേക്കുമുള്ള യാത്രകൾ, മാർക്കറ്റിൽ പോക്ക്, ബെംഗളുരു യാത്ര എന്നിങ്ങനെ പുറത്തിറങ്ങാൻ ഒരുപാട് കാരണങ്ങളുണ്ട്. പക്ഷേ, പുറത്തിറങ്ങി ചൂട് സഹിച്ചു പോകുന്നത് ആലോചിക്കാനും വയ്യ. അതിനാൽ കൃത്യമായ മുൻകരുതലുകളെടുത്തു മാത്രമേ നഗരത്തിൽ പുറത്തിറങ്ങാവൂ. ശരീരം സംരക്ഷിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയെന്ന് നോക്കാം.
- പകല്‍ സമയം പുറത്തിറങ്ങുമ്പോഴും വീട്ടിലിരിക്കുമ്പോഴും ധാരാളം വെള്ളം കുടിക്കുക. കരിക്ക്, ജ്യൂസ്, നാരങ്ങാവെള്ളം, മോര് വെള്ളം തുടങ്ങിയ കുടിക്കുക. ഇവ ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. ശുദ്ധമായ തണുത്ത വെള്ളം കുടിക്കുന്നതും നല്ലതാണ്.
- പുറത്തിറങ്ങുമ്പോൾ കട്ടി കുറഞ്ഞ, അയഞ്ഞു കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രദ്ധിക്കുക. കോട്ടണ്‍, ലിനൻ പോലുള്ള മെറ്റീരിയലുകൾ ഉപയോഗിക്കുന്നാണ് നല്ലത്.
- പുറത്ത് പോകുന്ന സാഹചര്യങ്ങളിൽ കയ്യിൽ ഒരു കുടയും ഒരു കുപ്പി വെള്ളവും പിന്നെ കണ്ണുകളുടെ സംരക്ഷണത്തിനായി ഒരു കൂളിംഗ് ഗ്ലാസ്സും കരുതാം.
- വേനൽക്കാലത്ത കാര്യങ്ങളിൽ മുന്‍കരുതലുകൾ ഏറെയുണ്ടെങ്കിലും പുറത്തിറങ്ങി ജോലി ചെയ്യുന്നവർക്ക് അതൊഴിവാക്കാനാവില്ല. അതിനാൽ സൂര്യനിൽ നിന്നുള്ള ചൂട് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്ത് കഴിവതും വെയിലു കൊള്ളാതിരിക്കുക.