ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രതിനിധികള്‍ എന്നിവരടക്കം കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് പ്രകടന പത്രികയുടെ പതിപ്പ് നല്‍കിയാണ് പ്രധാനമന്ത്രി ഇത് പുറത്തിറക്കിയത്.
മുന്‍ പ്രകടന പത്രികകളിലെ വാഗ്ദാനങ്ങളായ രാമക്ഷേത്രവും ജമ്മുകശ്മീര്‍ പുനഃസംഘടനയും യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നാലെ, ഏക സിവില്‍ കോഡ് പ്രഖ്യാപനവുമായാണ് ബിജെപി ഇക്കുറി എത്തുന്നത്. ഭരണഘടനയുടെ 44-ാം അനുച്ഛേദം ഏക സിവില്‍ കോഡിനെ നിര്‍ദ്ദേശക തത്ത്വങ്ങളില്‍ പെടുത്തിയിട്ടുണ്ടെന്നും ലിംഗ സമത്വത്തിന് ഏക സിവില്‍ കോഡ് വേണമെന്നുമാണ് ബിജെപിയുടെ വാദം.
ഏക സിവില്‍ കോഡിനൊപ്പം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പൊതു വോട്ടര്‍ പട്ടിക തുടങ്ങിയ വാഗ്ദാനങ്ങളും മുന്‍പോട്ട് വയ്ക്കുന്നു. കര്‍ഷകര്‍, യുവജനങ്ങള്‍, വനിതകള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്നുവെന്ന് അവകാശപ്പെടുന്ന പ്രകടനപത്രികയില്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ റേഷന്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
യുവാക്കളെ ആകര്‍ഷിക്കാന്‍ മുദ്ര ലോണ്‍ വായ്പയുടെ പരിധി പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയാക്കി. 70 വയസിന് മുകളിലുള്ള എല്ലാവരേയും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തും, പ്രധാനമന്ത്രി ആവാസ് യോജനയില്‍ 3 കോടി വീടുകള്‍ കൂടി നല്‍കുമ്പോള്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് പ്രത്യേക പരിഗണനയുണ്ട്. എല്ലാ വീടുകളിലും വാതക പൈപ്പ് ലൈന്‍, വൈദ്യുതി ബില്‍ പൂജ്യമാക്കാന്‍ പുരപ്പുറ സോളാര്‍ പദ്ധതി വ്യാപകമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്.