ഇനി വാട്സാപ്പിലും എഐ: ‘മെറ്റ എഐ’ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിയാം



ന്യൂയോർക്ക്: സമൂഹമാധ്യമ രംഗത്ത് തരംഗമായ ആർട്ടിഫിഷ്യൽ ഇന്റെലിജെൻസ് ഇൻസ്റ്റാഗ്രാമിലും മെസഞ്ചറിലും ഉൾപ്പെടുത്തിയതിന് പിന്നാലെ മെറ്റ എഐ പരീക്ഷിച്ച് ഫേസ്ബുക് മാതൃസ്ഥാപനം മെറ്റ. ഇന്ത്യയിലെ ചില വാട്ട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ‘മെറ്റ എഐ’ എന്ന ചാറ്റ്‌ബോട്ട് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ജനറേറ്റീവ് എഐയിലേക്കുള്ള ചുവടുവയ്‌പ്പിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന മെറ്റാ കണക്ട് 2023 ഇവന്റിൽ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യത്യസ്തമായ നിരവധി എഐ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയുൾപ്പെടെ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് വാട്ട്‌സ്ആപ്പിലെ എഐ ഫീച്ചർ മെറ്റ അവതരിപ്പിച്ചിട്ടുള്ളത്. ഇംഗ്ലീഷ് ഭാഷ മാത്രമേ നിലവിൽ മെറ്റ എഐ പിന്തുണയ്ക്കുന്നുള്ളു. മെറ്റയുടെ തന്നെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. ചാറ്റ് ജിപിടിയ്ക്ക് സമാനമായി സുഗമമായ സംഭാഷണങ്ങളാണ് മെറ്റ വാഗ്ദാനം ചെയ്യുന്നത്. എന്തിനെക്കുറിച്ചും ഈ ചാറ്റ്‌ബോട്ടുമായി സംസാരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്നതാണ്.

വാട്ട്‌സ്ആപ്പിൽ എഐ ചാറ്റ് ബോട്ടുമായി സംഭാഷണം ആരംഭിക്കുന്നതിനായി വാട്‍‌സ്ആപ്പ് തുറന്നതിന് ശേഷം ചാറ്റ് സ്ക്രീൻ ഓപ്പൺ ചെയ്ത് അതിൽ നിന്നും ‘ന്യൂ ചാറ്റ്’ ഓപ്‌ഷൻ തിരഞ്ഞെടുക്കണം. ശേഷം അതിൽ നിന്നും ‘മെറ്റ എഐ’ ഐക്കണ്‍ തിരഞ്ഞെടുത്ത് സേവന നിബന്ധനകൾ വായിച്ച് അംഗീകാരം നൽകിയ ശേഷം ഐക്കണില്‍ ടാപ് ചെയ്യുമ്പോള്‍ തന്നെ ഇന്‍ബോക്സിലേക്കുള്ള ആക്സസ് ലഭിക്കും. തുടർന്ന് ആവശ്യാനുസൃതം സംഭാഷണങ്ങൾ നടത്താനാകും.

മെറ്റ എഐയുമായി സംഭാഷണത്തിൽ (ചാറ്റ്) സംശയമുള്ള എന്തിനെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കാനാകും. മെറ്റ നൽകിയ വിശദീകരണത്തിൽ നൽകിയിട്ടുള്ള വിവരമനുസരിച്ച് മെറ്റ എഐയുടെ ഡാറ്റാബേസിൽ വിപുലമായ വിജ്ഞാന അടിത്തറയാണ് നൽകിയിക്കുന്നത്. ഇവ കൂടാതെ ഒരു വിഷയം സംബന്ധിച്ച സംശയങ്ങൾ പരിഹരിച്ച് പുതിയ ആശയങ്ങൾ നൽകുവാനും മെറ്റ എഐ ചാറ്റ് ബോട്ടിനാകും.

നൽകുന്ന വിവരങ്ങളിലൂടെ താത്പര്യങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ നിർദേശങ്ങൾ നൽകാനാകും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിനു കൂടിയാണ് മെറ്റാ എഐ രൂപകൽപ്പന ചെയ്തിരിക്കുന്നത്. താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ചെല്ലാം ചാറ്റ്ബോട്ടുമായി സംസാരിക്കാം.