മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ രാമാനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം മുർഷിദാബാദിലെ ശക്തിപൂരിൽ നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. ഘോഷയാത്രയ്ക്ക് നേരെ ചിലർ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. സ്ഥിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തിചാർജ്ജും കണ്ണീർ വാതവും ഉപയോഗിച്ചു.
സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാക്കിയെന്നും കൂടുതൽ സേനയെ സ്ഥലത്ത് എത്തിച്ചതായും മുർഷിദാബാദ് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടിഎടുക്കുമെന്നും പൊലീസ് പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റവരെ ബെഹ്‌റാംപൂരിലെ മുർഷിദാബാദ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റാലിക്ക് നേരെ കല്ലെറിയുകയും കടകൾ തകർക്കുകയും ചെയ്തതായി ബിജെപി ബംഗാൾ ഘടകം ആരോപിച്ചു.
‘ഭരണകൂടത്തിൻ്റെ എല്ലാ അനുമതിയും ലഭിച്ച സമാധാനപരമായ രാമനവമി ഘോഷയാത്രയെ ശക്തിപൂർ, ബെൽദംഗ – II ബ്ലോക്ക്, മുർഷിദാബാദ് എന്നിവിടങ്ങളിൽ അക്രമികൾ ആക്രമിച്ചു. മമതയുടെ പൊലീസും ആക്രമണത്തിൽ അക്രമികൾക്കൊപ്പം നിന്നു. രാമഭക്തരെ പിരിച്ചുവിടാൻ പൊലീസ് ഷെല്ലുകൾ എറിഞ്ഞു’വെന്നായിരുന്നു പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ആരോപണം.ബംഗാളിൽ കഴിഞ്ഞ വർഷത്തെ രാമാനവമി ആഘോഷത്തിലും സംഘർഷം ഉണ്ടായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പ്രചാരണത്തിന് ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമനവമി ആഘോഷം പ്രചാരണ വിഷയമാക്കിയിരുന്നു. ഹൗറയിൽ വിശ്വഹിന്ദു പരിഷത്തിന്‍റെ ഘോഷയാത്ര കൽക്കട്ട ഹൈക്കോടതി അനുവദിച്ചതിന് പിന്നാലെയാണ് ബംഗാളിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ ഭാഷയിൽ സർക്കാരിനെതിരെ രംഗത്ത് വന്നത്. രാമനവമി ആഘോഷങ്ങൾ ഇല്ലാതാക്കാൻ തൃണമൂൽ കോൺഗ്രസ് ആസൂത്രിത ശ്രമങ്ങൾ നടത്തിയെന്നും അതിനായി പരമാവധി പരിശ്രമിച്ചെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബാലുർഘട്ടിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ബംഗാളിൽ വർഗീയ സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമമെന്ന് മമത ബാനർജിയും ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷമുണ്ടായ സംഘർഷങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഘോഷയാത്രക്കെതിരെ കോടതിയെ സമീപിച്ചതെന്ന തൃണമൂൽ കോൺഗ്രസും വ്യക്തമാക്കിയിരുന്നു.സംഘർഷമുണ്ടായാൽ തെരഞ്ഞെടുപ്പ് കമ്മീഷനാകും ഉത്തരവാദിയെന്നായിരുന്നു മമത സർക്കാരിൻ്റെ നിലപാട്. നേരത്തെ രാമനവമി ഘോഷയാത്ര നടത്താൻ കൊൽക്കത്ത ഹൈക്കോടതി വിശ്വഹിന്ദു പരിഷത്തിന് അനുമതി നൽകിയിരുന്നു.