തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് തുടങ്ങി, സ്ഥിരതയുള്ള സര്‍ക്കാരിന് വേണ്ടി വോട്ടുചെയ്യണമെന്ന് അണ്ണാമലൈ


രാജ്യത്തെ 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എട്ട് കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. തമിഴ്‌നാട്ടിലും ഇന്ന് വോട്ടെടുപ്പ് ആരംഭിച്ചു.

നടന്മാരായ രജനികാന്തും അജിത്തും വോട്ട് രേഖപ്പെടുത്തി.സ്ഥിരതയുള്ള സര്‍ക്കാരിന് വേണ്ടി വോട്ടുചെയ്യണമെന്ന് അണ്ണാമലൈ അഭ്യർത്ഥിച്ചു. രാവിലെ തന്നെ വന്ന് വോട്ടുചെയ്യാൻ ആഹ്വാനം ചെയ്ത് കോയമ്പത്തൂരിലെ ബിജെപി സ്ഥാനാർത്ഥി അണ്ണാമലൈ. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അണ്ണാമലൈ. ആര്‍ക്ക് വോട്ടുചെയ്യണമെന്ന് കോയമ്പത്തൂരിലെ ജനങ്ങള്‍ക്ക് അറിയാമെന്നും പണം നല്‍കി വോട്ടുവാങ്ങാനാവില്ലെന്നും ആ കാലഘട്ടം അവസാനിച്ചെന്നും അണ്ണാമലൈ പറഞ്ഞു.

ജനങ്ങള്‍ നല്ല രാഷ്ട്രീയത്തിന് വേണ്ടി വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.കാരൂരിലെ ഊത്തുപട്ടിയിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഡിഎംകെയുടെ ഗണപതി പി രാജ്കുമാറും എഐഎഡിഎംകെയുടെ എസ് രാമചന്ദ്രനുമാണ് അണ്ണാമലൈയുടെ പ്രധാന എതിരാളികള്‍. 1,958,577 വോട്ടർമാരാണ് കോയമ്പത്തൂരിൽ ആകെയുള്ളത്. ഇതിൽ 34,792 ഗ്രാമീണ വോട്ടർമാരും 1,617,785 നഗര വോട്ടർമാരും 260,491 പട്ടികജാതി (എസ്‌സി) വോട്ടർമാരും 5,876 പട്ടികവർഗ വോട്ടർമാരുമാണുള്ളത്.

മുന്‍ തെലങ്കാന ഗവര്‍ണറും ബിജെപിയുടെ ചെന്നൈ സൗത്ത് സ്ഥാനാര്‍ത്ഥിയുമായ തമിഴിസൈ സൗന്ദര്‍രാജന്‍ ചെന്നൈയിലെ സാലിഗ്രാമിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായി എടപ്പാടി പളനി സ്വാമിയും വോട്ട് രേഖപ്പെടുത്തി.