ലോറന്‍സ് ബിഷ്ണോയിയുടെ മാഫിയ സംഘം മുംബൈയില്‍ ആക്രമണം നടത്തൊനൊരുങ്ങുന്നു:അജ്ഞാത സന്ദേശം


മുംബൈ: ലോറന്‍സ് ബിഷ്‌ണോയിയുടെ മാഫിയ സംഘം മുംബൈയില്‍ ആക്രമണം ലക്ഷ്യമിടുന്നുവെന്ന് അജ്ഞാത സന്ദേശം. മുംബൈ പോലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തിയത്. ഫോണ്‍ കോളിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂം തുടര്‍നടപടികള്‍ക്കായി ലോക്കല്‍ പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടു.

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് സമീപത്തു നിന്നും ലോറന്‍സ് ബിഷ്‌ണോയിയുടെ പേരില്‍ ടാക്‌സി വിളിച്ച യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഖാലിസ്ഥാന്‍ അനുകൂല സംഘടനകളുമായുള്ള ലോറന്‍സ് ബിഷ്‌ണോയിയുടെ ബന്ധത്തെക്കുറിച്ചുള്ള എന്‍ഐഎ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തിഹാര്‍ ജയിലിലാണ് 31 വയസുകാരനായ ഈ മാഫിയാ തലവനുള്ളത്.

എന്നാല്‍ ജയിലിനുള്ളില്‍ നിന്ന് തയ്യാറാക്കുന്ന പദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കുന്ന 700ല്‍ അധികം ഷാര്‍പ്പ് ഷൂട്ടര്‍മാരാണ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിലുള്ളത്. സല്‍മാന്‍ ഖാന്റെ വീടിനെതിരായ ആക്രമണത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ലോറന്‍സ് ബിഷ്‌ണോയി മുംബൈയില്‍ ആക്രമണം ലക്ഷ്യമിടുന്നുവെന്ന അജ്ഞാത സന്ദേശം വന്നത്.

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിവയ്പ് നടന്ന സംഭവത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയാവുകയാണ് ലോറന്‍സ് ബിഷ്‌ണോയി എന്ന മാഫിയാ തലവന്‍. 1998ല്‍ കൃഷ്ണ മൃഗത്തെ കൊന്ന കേസില്‍ സല്‍മാന്‍ ഖാന്‍ പ്രതിയായതിന് പിന്നാലെയാണ് ലോറന്‍സ് ബിഷ്‌ണോയി സല്‍മാന്‍ ഖാന് പിന്നാലെ കൂടിയത്. അടുത്തിടെ ലോറന്‍സ് ബിഷ്‌ണോയി – ഗോള്‍ഡി ബ്രാര്‍ സംഘത്തിന്റെ വധഭീഷണി സല്‍മാന്‍ ഖാന് ലഭിക്കുകയും ചെയ്തു. ബിഷ്‌ണോയി വിഭാഗത്തിന്റെ വിശുദ്ധമൃഗമാണ് കാലാഹിരണ്‍ എന്ന കൃഷ്ണമൃഗം. ആന്റിലോപ്പ് വിഭാഗത്തിലുള്ള ഈ ചെറുമാനുകളെ സിനിമാ ചിത്രീകരണത്തിനായി എത്തിയ സല്‍മാന്‍ ഖാനും സംഘവും വേട്ടയാടിയതിനെ തുടര്‍ന്നാണ് പകയുടെ തുടക്കം.

കഴിഞ്ഞ ദിവസം നടന്ന വെടിവയ്പിന് പിന്നില്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനാണെന്ന് സൂചനയുണ്ട്.