പക്ഷിപ്പനി: അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്, ഇറച്ചിയും മുട്ടയുമായി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കും


തിരുവനന്തപുരം: ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍, കേരള അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. ചെക്‌പോസ്റ്റുകളില്‍ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന വാഹനങ്ങള്‍ തിരിച്ചയ്ക്കാനാണ് നിര്‍ദേശം. കേരള അതിര്‍ത്തിയിലെ 12 ചെക് പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. വെറ്ററിനറി ഡോക്ടര്‍, ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടാവുക.

അതേസമയം, ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചുറാണി നേരത്തെ വ്യക്തമാക്കിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവന്‍ താറാവുകളെയും കൊന്നു. 17,480 താറാവുകളെയാണ് കൊന്നത്. 34 തദ്ദേശസ്ഥാപനങ്ങളില്‍ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്‍പനയ്ക്കുള്ള നിരോധനം ഏപ്രില്‍ 26 വരെ തുടരും.