ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കുട്ടികള്‍, പ്രതിയായ അച്ഛന്‍ ജീവനൊടുക്കിയ നിലയില്‍: യുവതി അതീവ ഗുരുതരാവസ്ഥയില്‍
ന്യൂഡല്‍ഹി: മയൂര്‍ വിഹാറില്‍ കുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആനന്ദ് വിഹാറിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ ശ്യാംജിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. മയൂര്‍ വിഹാര്‍ ഫേസ് ഒന്നിലെ വീട്ടിലാണ് 15ഉം 9ഉം വയസ് മാത്രം പ്രായമുള്ള സഹോദരങ്ങളെ മരിച്ച നിലയിലും ഇവരുടെ അമ്മയെ അബോധാവസ്ഥയിലും കണ്ടത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
കൊലപാതകം നടത്തിയത് അച്ഛനാണെന്ന് സംശയിക്കുന്നതായും ഇയാളെ കാണാനില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് പ്രതിയുടെ മൃതേദഹം കണ്ടെത്തുന്നത്. അതേസമയം, കുട്ടികളുടെ അമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കിഴക്കന്‍ ഡല്‍ഹിയിലെ ശശി ഗാര്‍ഡനിലുള്ള ഒരു വീട് വെള്ളിയാഴ്ച മുതല്‍ പൂട്ടിക്കിടക്കുകയാണെന്നും വീട്ടിലെ കുടുംബ നാഥനായ ശ്യാംജിയെ കാണാനില്ലെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി അടച്ചിട്ട ഫ്ളാറ്റിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് ഒരു മുറിയില്‍ കുട്ടികളുടെ മൃതദേഹവും മറ്റൊരു മുറിയില്‍ അബോധാവസ്ഥയില്‍ അമ്മയേയും കണ്ടെത്തിയത്.
മയൂര്‍ വിഹാറില്‍ ചായക്കട നടത്തിയിരുന്ന ശ്യാംജി മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഭാര്യയെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ടതായി സംശയിക്കുന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. കേസില്‍ അന്വേഷണം നടന്നുവരുന്നതിനിടയിലാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തുന്നത്.