കൊല്ലപ്പെട്ട നേഹയെ കുറിച്ച് പറഞ്ഞതിന് കുടുംബത്തോട് മാപ്പ് പറഞ്ഞ് ഫയാസിന്‍റെ ഉമ്മ: മാതാപിതാക്കളെ സന്ദർശിച്ച് ജെ പി നദ്ദ


ബെംഗളൂരു: ഹുബ്ബള്ളി കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമഠിൻറെ മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം കത്തുന്നതിനിടെ കൊല്ലപ്പെട്ട നേഹയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കൊലയാളിയുടെ മാതാവ്. നേഹ ഹിരേമഠിനെ കുത്തികൊലപ്പെടുത്തിയ ഫയാസിൻറെ അമ്മ മുംതാസ് നേഹയുടെ കുടുംബത്തോട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് നേഹയുടെ കുടുംബത്തോട് മാപ്പു പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

നേഹയും ഫയാസും പ്രണയത്തിലായിരുന്നുവെന്നാണ് ഫയാസിന്റെ മാതാവ് മുംതാസ് ആദ്യം പ്രതികരിച്ചിരുന്നത്. ഇക്കാര്യം കഴിഞ്ഞ വർഷം മുതൽ തനിക്ക് അറിയാമായിരുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ, സംഭവം ബിജെപി ഏറ്റെടുക്കുകയും സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലാകുകയും ചെയ്തതോടെയാണ് മുംതാസ് മാപ്പപേക്ഷയുമായി രം​ഗത്തെത്തിയത്. അതേസമയം, ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ അടക്കം കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ക്യാമ്പസിൽ വച്ചാണ് നേഹയെ സുഹൃത്തായിരുന്ന ഫയാസ് കുത്തിക്കൊന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനായിരുന്നു കൊലപാതകം. സംഭവം നടന്ന് രണ്ട് മണിക്കൂറിനകം തന്നെ ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഫയാസിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ഇത് ലൗ ജിഹാദാണെന്ന് നേഹയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇത് മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളെ ലൗ ജിഹാദ് എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപിയും എബിവിപിയും രംഗത്തെത്തി. തുടർന്നാണ് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ, നേഹയുടെ കുടുംബാംഗങ്ങളെ കാണാൻ ഹുബ്ബള്ളിയിലെത്തിയത്.

അതിനിടെ, നേഹ ഹിരേമഠും, കൊലയാളിയായ ബെളഗാവി സ്വദേശി ഫയാസും പ്രണയത്തിലായിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു സംഘടനാ പ്രവർത്തകർ നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേഹയുടെയും ഫയാസിന്റെയും ചിത്രം ഉൾപ്പെടെ പങ്കുവച്ച്, ‘നേഹ – ഫയാസ് ട്രൂ ലവ്, ജസ്റ്റിസ് ഫോർ ലവ്’ എന്നായിരുന്നു ഇവരുടെ പോസ്റ്റ്.

നേഹയും ഫയാസും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന വാർത്തകൾ നേഹയുടെ പിതാവ് തള്ളിക്കളഞ്ഞിരുന്നു. നേഹയോട് ഫയാസ് പ്രണയാഭ്യർഥന നടത്തിയിരുന്നെങ്കിലും നേഹ നിരസിച്ചതായും പിന്നാലെ നടന്നു ശല്യപ്പെടുത്തിയാൽ പൊലീസിൽ പരാതിപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം വിശദീകരിച്ചു.