ചെന്നൈ: കൃത്രിമമായി രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച പഴ വര്‍ഗ്ഗങ്ങള്‍ പിടികൂടി. നഗരത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച 4000 കിലോ മാമ്പഴവും 2500 കിലോ ഏത്തപ്പഴവും പിടികൂടിയത്. നഗരത്തിലെ ഏറ്റവും വലിയ പഴം – പച്ചക്കറി മാര്‍ക്കറ്റായ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നാണ് ഇവ പിടി കൂടിയത്.
മാമ്പഴം സ്വാഭാവികമായി പാകമാകാന്‍ രണ്ടാഴ്ചയെടുക്കുമെന്നതിനാല്‍ ‘കാല്‍സ്യം കാര്‍ബൈഡ്’ എന്ന രാസവസ്തുവും എഥിലീന്‍ എന്ന രാസവസ്തുവും ചേര്‍ത്ത് കൃത്രിമമായി പഴുപ്പിക്കുകയാണ് കച്ചവടക്കാര്‍ ചെയ്യുന്നത്.
ഈ രാസവസ്തു മണമില്ലാത്തതാണ്. അതിനാല്‍, പഴങ്ങളില്‍ ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയില്ല. അതേസമയം, ‘ഇത്തരം പഴങ്ങള്‍ കഴിക്കുന്നവര്‍ക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും’ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. കാത്സ്യം കാര്‍ബൈഡ്, ആര്‍സെനിക്, ഫോസ്ഫറസ് തുടങ്ങിയ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുത്ത പഴങ്ങള്‍ ചര്‍മ്മപ്രശ്നങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും, കൂടാതെ ഇവയില്‍ ചില രാസവസ്തുക്കള്‍ അര്‍ബുദമുണ്ടാക്കാം.