കപ്പലുകള്‍ക്ക് പോകാന്‍ പാലം കുത്തനെ ഉയരും, ട്രെയിനിന് പോകാന്‍ നേരെ താഴേക്ക്: വിസ്മയമായി പുതിയ പാമ്പന്‍ പാലം
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലമായ, ‘പാമ്പന്‍ പാലം’ വീണ്ടും യാഥാര്‍ത്ഥ്യമാകുന്നു. രാമനാഥപുരത്തെ മണ്ഡപം മുതല്‍ രാമേശ്വരം വരെ കടലിന് മീതേ നിര്‍മിക്കുന്ന പാലത്തിന്റെ പണികള്‍ അവസാന ഘട്ടത്തിലെത്തി. 2.08 കിലോമീറ്ററുള്ള പുതിയ പാലം ജൂണ്‍ 30നു മുമ്പ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 535 കോടി രൂപയാണ് നിര്‍മാണച്ചെലവ്.
2019 നവംബറിലാണ് തകര്‍ന്ന പാലത്തിന് സമാന്തരമായി പുതിയ പാലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്. 2020 ഫെബ്രുവരിയില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ച് 2021 ഡിസംബറോടെ ഇത് പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ കൊറോണ മൂലം ഇത് കാലവധി നീട്ടുകയായിരുന്നു. റെയില്‍ വികാസ് നിഗം ലിമിറ്റഡിനാണ് (ആര്‍വിഎന്‍എല്‍) നിര്‍മാണ ചുമതല.
വെര്‍ട്ടിക്കല്‍ ലിഫ്റ്റിംഗാണ് പാലത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. റെയില്‍വേയുമായി ബന്ധപ്പെട്ടാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സംവിധാനം പ്രവര്‍ത്തിക്കുക. കപ്പലുകളും ബോട്ടുകളും കടന്നു പോകുമ്പോള്‍ പാലം കുത്തനെ ഉയര്‍ത്തുകയും ട്രെയിന്‍ പോവേണ്ട സമയത്ത് താഴ്ത്തുകയും ചെയ്യും.
പാലത്തിന്റെ മദ്ധ്യയേയുള്ള 72.5 മീറ്റര്‍ ഭാഗമാണ് ഇങ്ങനെ ഉയര്‍ത്താന്‍ സാധിക്കുക. 22 മീറ്റര്‍ വരെ ഉയരമുള്ള കപ്പലുകള്‍ക്ക് പാലത്തിനടിയിലൂടെ സുഗമമായി കടന്നു പോവാനാവും. 18.3 മീറ്റര്‍ അകലത്തില്‍ 100 തൂണുകളിലാണ് പാലത്തിന്റെ നിര്‍മാണം. ഭാവിയില്‍ പാത ഇരട്ടിപ്പിക്കാനുള്ള തരത്തിലാണ് രൂപകല്പന. പഴയ പാമ്പന്‍ പാലം 1914 ലാണ് നിര്‍മിച്ചത്. കാലപ്പഴക്കം മൂലം അറ്റകുറ്റപ്പണികള്‍അസാധ്യമായതോടെ 2022 ഡിസംബര്‍ 23ന് പഴയ പാലം അടച്ചു.