പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാലസ്തീന് ജയ് വിളിച്ച് എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി
ന്യൂഡല്‍ഹി:: പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാലസ്തീന് ജയ് വിളിച്ച് എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. 18-ാമത് ലോക്‌സഭയില്‍ ഹൈദരാബാദ് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിക്കുന്നതോടെയാണ് ഒവൈസി വിദേശരാജ്യത്തിന് ജയ് വിളിച്ചത്. അഞ്ചാമതും എംപിയായ എ.ഐ.എം.ഐ.എം നേതാവ് ഉറുദു ഭാഷയിലാണ് സത്യവാചകം ചൊല്ലിയത്. പ്രതിജ്ഞ അവസാനിപ്പിക്കുന്നതോടെ ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പാലസ്തീന്‍, തക്ബീര്‍ അള്ളാഹു-അക്ബര്‍ എന്ന് പറയുകയായിരുന്നു. 2019ല്‍ ഒവൈസി സത്യപ്രതിജ്ഞ ചെയ്തത് ജയ് ഭീം, അള്ളാഹു അക്ബര്‍, ജയ് ഹിന്ദ് എന്ന് പറഞ്ഞായിരുന്നു.
അതേസമയം, പാര്‍ലമെന്റില്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ പാലസ്തീന് ജയ് വിളിച്ച ഒവൈസിക്കെതിരെ വിമര്‍ശനം ശക്തമാവുകയാണ്. കേന്ദ്രമന്ത്രി ശോഭാ കരന്തലജെ ഔദ്യോഗികമായി പരാതി നല്‍കി. ഒവൈസിക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്കും ആഭ്യന്തരമന്ത്രിക്കുമാണ് കരന്തലജെ പരാതി നല്‍കിയത്. പാര്‍ലമെന്ററി രേഖകളില്‍ നിന്ന് ഒവൈസിയുടെ പ്രസ്താവന നീക്കം ചെയ്യണമെന്നാണ് ആവശ്യം. പാലസ്തീന്‍ മുദ്രാവാക്യമില്ലാതെ ഒരിക്കല്‍ കൂടി സത്യപതിജ്ഞ ചെയ്യണമെന്ന് ഒവൈസിക്ക് നിര്‍ദേശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.