ഭര്‍തൃമാതാവുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു, എതിര്‍ത്തപ്പോള്‍ പീഡനം: പരാതിയുമായി യുവതി


 

ലക്‌നൗ: ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കും എതിരേ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയാണ് ഭര്‍ത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നും ആരോപിച്ച് പോലീസിനെ സമീപിച്ചത്.
പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2022-ലാണ് യുവതിയും ഗാസിപൂര്‍ സ്വദേശിയായ യുവാവും വിവാഹിതരായത്. എന്നാല്‍, വിവാഹത്തിന് പിന്നാലെ ഭര്‍തൃവീട്ടില്‍നിന്ന് നിരന്തരം പീഡനത്തിനിരയായെന്നാണ് യുവതിയുടെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായി ഉപദ്രവിച്ചു. ഭര്‍തൃമാതാവുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. ഇതിന് വിസമ്മതിച്ചപ്പോള്‍ ഭര്‍തൃമാതാവ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് മുറിവേല്‍പ്പിച്ചു. ഭര്‍തൃസഹോദരി തന്റെ വസ്ത്രങ്ങളെല്ലാം കൈക്കലാക്കി. ഇതേത്തുടര്‍ന്ന് ഒരുമാസത്തോളം ഒരേവസ്ത്രം തന്നെ ധരിക്കേണ്ടിവന്നെന്നും മുറിയില്‍ തടങ്കലിലാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്.

2023-ല്‍ കുഞ്ഞ് ജനിച്ചതോടെ കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയും ഉപദ്രവിച്ചു. ഇതിന്റെ പേരില്‍ ശാരീരികമായി പീഡിപ്പിച്ചു. വീട്ടില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് അയല്‍ക്കാര്‍ ഇടപെട്ടതോടെയാണ് ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ കയറ്റാന്‍ തയ്യാറായതെന്നും പരാതിയില്‍ പറയുന്നു.

പിതാവ് ഭര്‍തൃവീട്ടില്‍ സന്ദര്‍ശനത്തില്‍ എത്തിയവേളയിലാണ് നേരിട്ട ഉപദ്രവത്തെക്കുറിച്ച് യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് യുവതി പിതാവിനൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ, ഭര്‍തൃമാതാപിതാക്കള്‍ യുവതിയുടെ പിതാവിനെ വിളിച്ച് പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചു. ഇത്തേതുടര്‍ന്ന് യുവതിയും പിതാവും ഭര്‍തൃവീട്ടിലേക്ക് കാര്യങ്ങള്‍ സംസാരിക്കാനായി പോയി. എന്നാല്‍, ചര്‍ച്ചയ്ക്കിടെ അവിടെവെച്ച് തര്‍ക്കമുണ്ടാവുകയും ഇതിനുപിന്നാലെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയുമായിരുന്നു.