എംപ്ലോയീസ് പെൻഷൻ സ്‌കീം: വൻ മാറ്റങ്ങളുമായി കേന്ദ്രം


ഇപിഎസിൽ (എംപ്ലോയീസ് പെൻഷൻ സ്കീമിൽ ) വൻ മാറ്റങ്ങളുമായി കേന്ദ്രം. ഇനി മുതൽ ആറ് മാസത്തിൽ താഴെ സംഭാവന ചെയ്ത അം​ഗങ്ങൾക്കും പണം പിൻവലിക്കാം. 23 ലക്ഷത്തിലധികം ഇപിഎസ് ജീവനക്കാർക്കാണ് ഇതിന്റെ ​പ്രയോജനം ലഭിക്കുക.

പൂർത്തിയായ വർഷങ്ങളിലെ സംഭാവനാ സേവന കാലയളവും ഇപിഎസ് സംഭാവന നൽകിയ ശമ്പളവും അടിസ്ഥാനമാക്കിയാണ് ഇതുവരെ പിൻവലിക്കൽ ആനുകൂല്യം കണക്കാക്കിയിരുന്നത്. ആറ് മാസമോ അതിൽ കൂടുതലോ സംഭാവനാ സേവനങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ അംഗങ്ങൾക്ക് അത്തരം എക്സിറ്റ് ആനുകൂല്യങ്ങൾക്ക് അർഹതയുള്ളൂ. തൽഫലമായി, ആറ് മാസമോ അതിൽ കൂടുതലോ സംഭാവന ചെയ്യുന്നതിന് മുൻപ് സ്‌കീമിൽ നിന്ന് പുറത്തുപോയ അംഗങ്ങൾക്ക് പിൻവലിക്കൽ ആനുകൂല്യമൊന്നും ലഭിച്ചിരുന്നില്ല. ഈ ചട്ടത്തിലാണ് ഭേദ​ഗതി വരുത്തിയത്.

ഇനി മുതൽ പിൻവലിക്കൽ ആനുകൂല്യം ഒരു അംഗം എത്ര മാസത്തെ സർവീസ് നടത്തി, ശമ്പളത്തിൽ നൽകിയ ഇപിഎസ് തുക എന്നിവയെ ആശ്രയിച്ചിരിക്കും. ഈ നിയമം പിൻവലിക്കൽ എളുപ്പമാക്കും. നിരവധി ഇപിഎസ് അംഗങ്ങൾക്ക് ഈ മാറ്റത്തിന്റെ ഗുണം ലഭിക്കും.

ഇപിഎഫ്ഒ നിയന്ത്രിക്കുന്ന പെൻഷൻ സ്കീമാണ് ഇപിഎസ്. സ്കീമിന് കീഴിൽ പത്ത് വർഷത്തേക്ക് സംഭാവന നൽകണം, തുടർന്ന് വിരമിച്ചതിന് ശേഷം നിങ്ങൾക്ക് പെൻഷന് അർഹതയുണ്ട്. നിലവിലുള്ളതും പുതിയതുമായ ഇപിഎഫ് അംഗങ്ങളെ ഈ സ്കീമിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിലുടമ അല്ലെങ്കിൽ കമ്പനിയും ജീവനക്കാരനും ഒരുപോലെ ജീവനക്കാരന്റെ ശമ്പളത്തിന്റെ 1 ശതമാനം ഇപിഎഫ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു.