പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെ പീഡിപ്പിച്ചു എന്ന കേസ് നിലനില്‍ക്കില്ല: കോടതി നിരീക്ഷണം


ഭോപ്പാല്‍: വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി വിവാഹിതയായ സ്ത്രീയുമായി മറ്റൊരു പുരുഷന്‍ തുടര്‍ച്ചയായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന പരാതിയില്‍ ഇടപെടാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി.

ഈ കേസില്‍ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് സഞ്ജയ് ദ്വിവേദിയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. 8 വര്‍ഷത്തിലേറെയായി തുടരുന്ന പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണിതെന്നും കോടതി അനുമാനിച്ചു.

വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പ്രതിക്കെതിരെയുള്ള കുറ്റം നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ പ്രതിക്കെതിരെയുള്ള ക്രിമിനല്‍ നടപടിക്രമം അവസാനിപ്പിക്കുന്നതായും കോടതി പറഞ്ഞു.

പ്രതിക്കെതിരെ ഐപിസി 376 വകുപ്പ് നിലനില്‍ക്കുന്ന സാഹചര്യങ്ങളൊന്നും തന്നെ ഈ കേസില്‍ കാണുന്നില്ലെന്നും തെളിവുകള്‍ പരിശോധിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

പിപ്ലാനി പൊലീസ് സ്റ്റേഷനില്‍ 2019ലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പരിചയത്തിലാകുന്നത്.

സഹോദരിയുടെ വിവാഹം കഴിഞ്ഞയുടന്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്നാണ് പരാതിക്കാരിയുടെ വാദം. എന്നാല്‍ പിന്നീട് എതിര്‍കക്ഷി മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.