റെയില്‍വേ മാലിന്യം കനാലില്‍ തള്ളുന്നില്ല, അഴുക്കുചാലുകള്‍ വൃത്തിയാക്കേണ്ടത് ജലസേചന വകുപ്പ്: മേയറെ തള്ളി റെയില്‍വേ


തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കുടുങ്ങി മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി റെയില്‍വേ. ജോയിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി റെയില്‍വേ അറിയിച്ചു.തോട്ടിലെ മാലിന്യനീക്കവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് റെയില്‍വേ ഇന്ന് മറുപടി നല്‍കി.

റെയില്‍വേയ്ക്ക് സ്വന്തമായി മാലിന്യനിര്‍മ്മാര്‍ജന സംവിധാനം ഉണ്ടെന്നും ട്രെയിനില്‍ എത്തുന്ന യാത്രക്കാര്‍ ഉപേക്ഷിക്കുന്ന മാലിന്യം കൃത്യമായി നീക്കം ചെയ്യുന്നുണ്ടെന്നും റെയില്‍വേ വാര്‍ത്താക്കുറിപ്പിലൂടെ വിശദീകരിച്ചു. റെയില്‍വേ മാലിന്യം കനാലില്‍ തള്ളുന്നില്ല. പ്രദേശത്ത് വെള്ളം കയറുന്നത് തടയാന്‍ മുന്‍വര്‍ഷങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. റെയില്‍വേയുടെ യാഡില്‍ നിന്നും പുറത്തേക്ക് വെള്ളം പോകുന്ന ഭാഗത്ത് പ്രകൃതിദത്തമായ തടസ്സങ്ങളുണ്ട്.

ഇതിന്റെ സ്വഭാവം പ്രദേശത്ത് ചെളിയും മാലിന്യവും അടിഞ്ഞുകൂടാന്‍ കാരണമാകുന്നുവെന്നും റെയില്‍വേ അറിയിച്ചു.എല്ലാ കനാലുകളും അഴുക്കുചാലുകളും വൃത്തിയാക്കേണ്ടത് ജലസേചന വകുപ്പിന്റെ ചുമതലയാണെന്ന് റെയില്‍വേ വാദിക്കുന്നു. റെയില്‍വേ പ്രദേശത്ത് മാലിന്യം എത്തുന്നത് തടയാന്‍ ക്രമീകരണങ്ങള്‍ ഉണ്ടാകണം. കനാലിനോട് ചേര്‍ന്ന് കൃത്യമായ വേലി കെട്ടുകയും സിസിടിവി സ്ഥാപിക്കുകയും വേണം. ഖഗരമാല്യം ശേഖരിക്കാന്‍ നഗരത്തില്‍ സ്ഥലം ഒരുക്കണമെന്നും റെയില്‍വേ പറയുന്നു.