പാർലമെന്റും ചെങ്കോട്ടയും ബോംബിട്ട് തകർക്കുമെന്ന് ഖലിസ്ഥാൻ ഭീഷണി: കേരളത്തിൽ നിന്നുള്ള രണ്ടു രാജ്യസഭാ എംപിമാർക്ക് സന്ദേശം


ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റും ചെങ്കോട്ടയും ബോംബിട്ട് തകർക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ തീവ്രവാ​ദികൾ. പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഇന്നലെ രാത്രിയിൽ കേരളത്തിൽ നിന്നുള്ള രണ്ട് രാജ്യസഭാം​ഗങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് കേരളത്തിൽ നിന്നുള്ള രാജ്യസഭാം​ഗങ്ങളായ വി.ശിവദാസിനും എ.എ.റഹിമിനും ഭീഷണി സന്ദേശം ലഭിച്ചത്.

ജിഒകെ പട്‌വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന പേരിലാണ് എംപിമാർക്ക് സന്ദേശമെത്തിയത്. ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാൻ ഹിത പരിശോധന സന്ദേശം ഉയർത്തി പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നുമായിരുന്നു സന്ദേശം. അതനുഭവിക്കണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.

സന്ദേശം ലഭിച്ച ഉടൻ എംപിമാർ ഡൽഹി പൊലീസിന് വിവരം കൈമാറി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി എംപിമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനത്തിനിടെ ഏതാനും യുവാക്കൾ ലോക്സഭയ്ക്കുള്ളിൽ കയറിയത് വലിയ വിവാദമായിരുന്നു. പുതിയ ഭീഷണിയെത്തുടർന്ന് പാർലമെന്റിൽ സുരക്ഷ ശക്തമാക്കും.