അമ്പലപ്പുഴ: ജോലിയ്ക്കിടെ കപ്പലിൽ നിന്നും കാണാതായ യുവാവിനെ കാത്ത് പുന്നപ്രയിൽ ഒരു കുടുംബം. ആലപ്പുഴ പുന്നപ്ര പറവൂർ വൃന്ദാവനത്തിൽ ബാബു കരുണാകരന്റെ (ബാബു തിരുമല) മകൻ വിഷ്ണു ബാബു(25)വിനെയാണ് കഴിഞ്ഞ ബുധനാഴ്ച രാത്രിമുതൽ കാണാതായത്. വിഷ്ണു കടലിൽ വീണെന്ന നിഗമനത്തിലാണ് കപ്പൽക്കമ്പനി. സ്ഥലത്ത് തിരച്ചിൽ നടക്കുന്നുണ്ട്.
ചെന്നൈ ആസ്ഥാനമായ ഡെൻസായ് മറൈൻ കാർഗോ ഷിപ്പിങ് കമ്പനിയുടെ എസ്.എസ്.ഐ. റെസല്യൂട്ട് എന്ന ചരക്കുകപ്പലിൽ ട്രെയിനി വൈപ്പറാണ് വിഷ്ണു. കഴിഞ്ഞ മേയ് 25-നാണ് കപ്പലിൽ ജോലിക്കുകയറിയത്. 19 ജീവനക്കാരാണുള്ളത്. എല്ലാദിവസവും രാവിലെ എട്ടിന് ജീവനക്കാർ ക്യാപ്റ്റനു മുന്നിൽ റിപ്പോർട്ടുചെയ്യണം. വ്യാഴാഴ്ച രാവിലെ വിഷ്ണു റിപ്പോർട്ടു ചെയ്തില്ല. തുടർന്ന് വിഷ്ണുവിന്റെ കാബിനിലടക്കം തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. കപ്പലിന്റെ ഡെക്കിൽ വിഷ്ണുവിന്റെ ചെരിപ്പു കണ്ടതോടെയാണ് കടലിൽവീണെന്ന സംശയത്തിൽ തിരച്ചിലാരംഭിച്ചത്.
വിഷ്ണുവിനെ കാണാനില്ലെന്ന വിവരം വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ക്യാപ്റ്റനും ഡയറക്ടർ ബോർഡംഗവും വീട്ടിലേക്കു വിളിച്ചറിയിച്ചത്. ഒഡിഷയിൽനിന്നു പാരദ്വീപുവഴി ചൈനയിലേക്കു പോകുകയായിരുന്നു കപ്പൽ. മലേഷ്യക്കും ഇൻഡൊനീഷ്യക്കും ഇടയിലുള്ള മലാക്കാ സ്ട്രെയിറ്റ്സിലെത്തിയപ്പോഴാണ് വിഷ്ണുവിനെ കാണാതായത്. ക്യാപ്റ്റനും കപ്പൽക്കമ്പനിയുടെ ഡയറക്ടറും കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് വിവരം നൽകുന്നുണ്ട്.
വിഷ്ണുവിന്റെ അച്ഛൻ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതിനൽകി. വിഷ്ണുവിനെ കണ്ടെത്താൻ ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി, കേന്ദ്ര തുറമുഖ ഷിപ്പിങ്, ജലപാതവകുപ്പ് മന്ത്രി, മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ എന്നിവരോട് കെ.സി. വേണുഗോപാൽ എം.പി. ആവശ്യപ്പെട്ടു. എച്ച്. സലാം എം.എൽ.എ.യും വീട്ടിലെത്തി. തിങ്കളാഴ്ച കുടുംബത്തിനൊപ്പം എം.എൽ.എ.യും കളക്ടറെ കാണും.
കഴിഞ്ഞ ബുധനാഴ്ച ഇന്ത്യൻസമയം വൈകുന്നേരം 7.05-നാണ് വിഷ്ണു ഒടുവിലായി വീട്ടിലേക്കുവിളിച്ചത്. അച്ഛൻ ബാബുവുമായും അമ്മ സിന്ധുവുമായും സംസാരിച്ചു. സന്തോഷവാനാണെന്നും എല്ലാക്കാര്യങ്ങളും നന്നായി പോകുന്നെന്നുമാണ് വിഷ്ണു പറഞ്ഞതെന്ന് ബാബു അറിയിച്ചു. ബുധനാഴ്ച രാത്രി ഒൻപതിനുശേഷം വിഷ്ണുവിനെ കാണാതായെന്നാണ് ക്യാപ്റ്റനും മറ്റും കുടുംബത്തെ അറിയിച്ചത്. ഇന്ത്യൻ എംബസി ഗൗരവമായി ഇടപെട്ടില്ലെന്ന പരാതിയും കുടുംബത്തിനുണ്ട്.