‘മലയാളികളുടെ തിരച്ചിൽ വേണ്ട, മതിയാക്കി പോകണം, സൈന്യം മാത്രം മതി’-മലയാളി രക്ഷാപ്രവർത്തകർ മാറിനിൽക്കണമെന്ന് കർണാടക പൊലീസ്


അങ്കോല (കര്‍ണാടക): ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ മലയാളി ഡ്രൈവർ അര്‍ജുനായുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ മലയാളി രക്ഷാപ്രവർത്തക സംഘത്തോട് മടങ്ങിപ്പോകാൻ കർണാടക പൊലീസ് നിർദ്ദേശിച്ചു. രഞ്ജിത്ത് ഇസ്രയേൽ അടക്കമുള്ള ആളുകളോടാണ് പൊലീസ് തിരികെപ്പോകാൻ നിർദ്ദേശിച്ചത്. സ്ഥലത്ത് ഇന്ത്യൻ സൈന്യം മാത്രം മതിയെന്നും മറ്റുള്ളവർ സ്ഥലത്ത് നിന്ന് മാറാനുമാണ് പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിവസവും സ്ഥലത്ത് തുടരുകയാണ്.

നിങ്ങളുടെ പ്രവര്‍ത്തനം മതിയാക്കി എല്ലാവരും തിരിച്ചുപോകണമെന്നാണ് എസ്.പി. പറഞ്ഞതെന്ന് രക്ഷാപ്രവര്‍ത്തകനായ ബിജു കക്കയം പറഞ്ഞു. എന്തായാലും തങ്ങള്‍ പിന്മാറില്ലെന്നും നേരത്തെ മെറ്റല്‍ ഡിറ്റക്ടറില്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് മണ്ണ് മാറ്റിക്കഴിയാറായെന്നും ബിജു കക്കയം വ്യക്തമാക്കി.

ചാനലുകളിലൂടെ ഓരോ വിവരങ്ങളും പുറത്തുവരുന്നതാകാം പോലീസ് ഉദ്യോഗസ്ഥരെ ഇത്തരത്തിലുള്ള നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു. കേരളത്തില്‍നിന്ന് രക്ഷാദൗത്യത്തിനെത്തിയ കുറേപേരെ പുറത്ത് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. അവരെയാരും ഇങ്ങോട്ട് കടത്തിവിട്ടിട്ടില്ല. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് പോലും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, കര്‍ണാടകയിലെ ചില ചാനലുകാര്‍ ഇവിടെവന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ടെന്നും ബിജു കക്കയം പറഞ്ഞു.

പോലീസിൻ്റെ നിർദേശത്തിന് പിന്നാലെ മലയാളി രക്ഷാപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ സ്ഥലത്ത് തർക്കമുണ്ടായി. രക്ഷാപ്രവർത്തകനായ രഞ്ജിത് ഇസ്രയേലിനെ പോലീസ് കൈയേറ്റം ചെയ്തെന്നും പരാതിയുണ്ട്. തർക്കത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബിജു കക്കയം ഉള്‍പ്പെടെ ഒട്ടേറെ മലയാളികളാണ് ഷിരൂരിലെ ദുരന്തസ്ഥലത്ത് കഴിഞ്ഞദിവസങ്ങളില്‍ രക്ഷാദൗത്യത്തിനെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ മഴയും വെയിലുമെല്ലാം കൊണ്ടുകൊണ്ട് ഇവരെല്ലാം അര്‍ജുനെ കണ്ടെത്താനായുള്ള പരിശ്രമത്തിലാണ്. ഇതിനിടെ കര്‍ണാടക പോലീസില്‍നിന്ന് ഇത്തരത്തിലുള്ള സമീപനമുണ്ടാകുന്നത് രക്ഷാപ്രവര്‍ത്തകരെയും തളര്‍ത്തുന്നതാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് നിന്നും 18 അംഗ സംഘമാണ് കർണാടകയിൽ എത്തിയത്. എന്റെ മുക്കം, കർമ ഓമശേരി, പുൽപ്പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളിൽപ്പെട്ട 18പേരാണ് ഇന്ന് പുലർച്ചെ രണ്ടോടെ സംഭവസ്ഥലത്തേക്ക് തിരിച്ചത്. ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവർ കരുതിയിരുന്നു. അർജുനെ കാണാനില്ലെന്ന് അറിഞ്ഞപ്പോൾ മുതൽ രക്ഷാപ്രവർത്തനത്തിന് സന്നദ്ധമായിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഇതുവരെ പോകാതിരുന്നതെന്ന് ഇവർ പറയുന്നു.