തിരുവനന്തപുരം: കർണാടകയിലെ അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ (30) കണ്ടെത്താനുള്ള ശ്രമം ഒമ്പതാം ദിവസത്തിൽ. ഗംഗാവലി നദിയിൽ കര, നാവിക സേനകൾ ചേര്‍ന്ന് തെരച്ചിൽ നടത്തും. മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ദൗത്യത്തിന്റെ ഭാഗമാകും. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചായിരിക്കും പരിശോധന.
കര, നാവിക സേനകൾ ചേര്‍ന്ന് തെരച്ചിൽ നടത്തും. നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണ് സോണാർ സിഗ്നൽ ലഭിച്ചത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്നൽ കിട്ടിയിരുന്നു. പുഴയിൽ ആഴത്തിലുള്ള വസ്തുക്കൾ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും.
വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം ഇന്ദ്രബാൽ ദൗത്യത്തിന്റെ ഭാഗമാകും. നോയിഡയിൽ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോടെയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്. നദിയിൽ അടിയോഴുക്ക് ശക്തമായതിനാൽ ഇന്നലെ സ്കൂബ ഡ്രൈവർമാർക്ക് കാര്യമായി തെരച്ചിൽ നടത്താൻ ആയിരുന്നില്ല. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.