കണ്ണൂർ: ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിൻ മൂന്നു മാസത്തേക്ക് കൂടി നീട്ടി. പയ്യോളിയിൽ പുതിയ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് റയിൽവെ ഉത്തരവിറക്കി. അതേസമയം, ട്രെയിൻ കാസർകോടേക്ക് നീട്ടണമെന്നതും സർവീസ് ആഴ്ചയിൽ ആറുദിവസമാക്കണമെന്നുമുള്ള ആവശ്യം റയിൽവെ പരിഗണിച്ചില്ല.
ഷൊർണൂർ-കണ്ണൂർ ട്രെയിൻ (06031) ആദ്യം ജൂലായ് രണ്ടുമുതൽ 31 വരെയാണ് പ്രഖ്യാപിച്ചത്. ഇത് ഒക്ടോബർ 30 വരെയും കണ്ണൂർ-ഷൊർണൂർ ട്രെയിൻ (06032) ഒക്ടോബർ 31 വരെയും ഓടിക്കും. ഓടുന്ന ദിവസങ്ങൾക്ക് മാറ്റമില്ല. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷൊർണൂരേക്കും സർവീസ് നടത്തും.
ട്രെയിൻ കാസർകോടേക്ക് നീട്ടണമെന്നതും സർവീസ് ആഴ്ചയിൽ ആറുദിവസമാക്കണമെന്നും ആവശ്യപ്പെട്ട് എം.പി.മാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, ഡോ. വി. ശിവദാസൻ എന്നിവർ റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഇക്കാര്യം പരിഗണിച്ചിട്ടില്ല.