മുംബൈ: പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യാര്‍ഥന നടത്തിയ യുവാവിന് രണ്ടുവര്‍ഷം തടവ്. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് 24 വയസ്സുകാരനു രണ്ടുവര്‍ഷം തടവുവിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീടിനടുത്തുള്ള കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പ്രതിയായ യുവാവ് തടഞ്ഞുനിര്‍ത്തുകയും കൈയില്‍ പിടിച്ച് പ്രണയാഭ്യാര്‍ഥന നടത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രതിയായ യുവാവിന് അന്ന് 19 വയസ്സായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഭയന്ന പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി വിവരം പറഞ്ഞുവെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി യുവാവ് പറഞ്ഞ വാക്കുകള്‍ കുട്ടിയുടെ മാനത്തെ ഹനിക്കുന്നതാണെന്ന് ശിക്ഷ വിധിച്ച പോക്‌സോ കോടതി ജഡ്ജി അശ്വിനി ലോഖണ്ഡെ നിരീക്ഷിച്ചു. സംഭവം ചോദിക്കാന്‍ പോയ പെണ്‍കുട്ടിയുടെ അമ്മയെ ‘നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്‌തോളൂ’ എന്നു പറഞ്ഞു പ്രതി ഭീഷണിപ്പെടുത്തിയെന്നും ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു. ക്രിമിനല്‍ നിയമപ്രകാരമാണ് യുവാവിന് തടവുശിക്ഷ വിധിച്ചത്. അതേസമയം യുവാവിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്താന്‍ കോടതി തയാറായില്ല.