ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയില്‍ റോഡിലെ മതിൽ തകർന്ന് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളില്‍ മലയാളിയും. എറണാകുളം സ്വദേശി നവീന്‍ ആണ് മരിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥനാണ് മലയാളിയുടെ മരണവിവരം കെെമാറിയത്. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
തെലങ്കാന സ്വദേശിനി താനിയ സോണി, യുപി സ്വദേശിനി ശ്രേയ യാദവ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർത്ഥികൾ. റോഡിൽ നിന്നും മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളമിറങ്ങിയാണ് കഴിഞ്ഞദിവസം അക്കാദമിയില്‍ അപകടമുണ്ടായത്. വെള്ളം ഇരച്ചെത്തിയപ്പോൾ അതിനുള്ളിൽ കുടുങ്ങിയ മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.