പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ സമാജ് വാദി പാര്‍ട്ടി നേതാവ് അറസ്റ്റില്‍
ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ സമാജ് വാദി പാര്‍ട്ടി(എസ്.പി) നേതാവ് അറസ്റ്റില്‍. നവാബ് സിങ് യാദവ് ആണ് പോക്‌സോ കേസില്‍ പിടിയിലായത്. ഇര തന്നെ ഹെല്‍പ്പ്‌ലൈന്‍ നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് നവാബ് സിങ്ങിനെ വീട്ടില്‍നിന്ന് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പോലീസെത്തിയപ്പോള്‍ മുറിക്കുള്ളില്‍ പെണ്‍കുട്ടിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് പെണ്‍കുട്ടി ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 112-ല്‍ വിളിച്ച് സഹായം തേടിയത്. വിവസ്ത്രയാക്കിയെന്നും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പെണ്‍കുട്ടി ഫോണിലൂടെ വെളിപ്പെടുത്തിയത്.
തുടര്‍ന്ന് പോലീസ് സംഘം നവാബ് സിങ്ങിന്റെ വീട്ടിലെത്തുകയും ഇവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ മോചിപ്പിക്കുകയും നവാബ് സിങ്ങിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ബന്ധുവായ സ്ത്രീയാണ് തന്നെ നവാബ് സിങ്ങിന്റെ വീട്ടില്‍ കൊണ്ടുവന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
അതേസമയം, സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു നവാബ് സിങ് യാദവിന്റെ പ്രതികരണം. ”ഇത് മുതലാളിത്ത ഗൂഢാലോചനയാണ്. ഇരയായ പെണ്‍കുട്ടി ഇത് നിഷേധിക്കുന്നുണ്ടെങ്കിലും അവര്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാകും. അനീതിക്കെതിരായ തങ്ങളുടെ പോരാട്ടം തുടരും’, നവാബ് സിങ് പറഞ്ഞു.
കനൗജ് സിറ്റി പോലീസ് പരിധിയിലും തിര്‍വാ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുമായി 16 കേസുകളില്‍ പ്രതിയാണ് നവാബ് സിങ്. വധശ്രമം അടക്കമുള്ള കേസുകള്‍ക്ക് പുറമേ ഗുണ്ടാ ആക്ട് പ്രകാരം മാത്രം മൂന്ന് കേസുകളും ഇയാള്‍ക്കെതിരേ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു.