എസ്എസ്എല്‍വി-ഡി3യുടെ വിക്ഷേപണം വിജയകരം



ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ വിക്ഷേപണ വാഹനമായ എസ്എസ്എല്‍വി-ഡി3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വി-ഡി3 വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08നെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ EOS-08 ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായി.

Read Also: മുത്തശ്ശിയെ അവശനിലയിലും നവജാത ശിശുവിനെ മരിച്ച നിലയിലും കണ്ടെത്തി  

ഇന്‍ഫ്രാറെഡ് ചിത്രങ്ങളെടുക്കാന്‍ കഴിവുള്ള ചെറിയ ഉപഗ്രഹമായ ഇഒഎസ്-08നെ ഐഎസ്ആര്‍ഒ ഏറ്റവും കുഞ്ഞന്‍ വിക്ഷേപണ വാഹനം (എസ്എസ്എല്‍വി-ഡി3) ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഏകദേശം 13 മിനിറ്റ് സമയം കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി. കാലാവസ്ഥാ നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനും ഇഒഎസ്-08ന് വിവരങ്ങള്‍ നല്‍കാന്‍ കഴിയും. പകല്‍-രാത്രി വ്യത്യാസമില്ലാതെ ഇഒഎസ്-08 പകര്‍ത്തുന്ന ഇന്‍ഫ്രാറെഡ് ചിത്രങ്ങള്‍ ഭൗമനിരീക്ഷണത്തിന് ഏറെ സഹായകമാകും എന്ന് കണക്കാക്കപ്പെടുന്നു. ഒരു വര്‍ഷത്തെ ദൗത്യകാലാവധിയാണ് ഈ ഉപഗ്രഹത്തിന് നിശ്ചയിച്ചിട്ടുള്ളത്.

എസ്ആര്‍ 0 എന്ന ഡെമോസാറ്റിനെയും റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. എസ്എസ്എല്‍വി എന്ന ഇസ്രൊയുടെ എറ്റവും ചെറിയ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. ദൗത്യവിജയത്തോടെ എസ്എസ്എല്‍വി വികസനം പൂര്‍ത്തിയായതായി ഇസ്രൊ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു.