മകന്‍ യുവതിയെ പ്രണയിച്ചതിന് യുവാവിന്റെ അമ്മയോട് ക്രൂരത,വീട്ടുകാരുടെ മുന്നില്‍ വെച്ച് വിവസ്ത്രയാക്കി ബലാത്സംഗം ചെയ്തു


ചെന്നൈ: തമിഴ്‌നാട്ടില്‍ ദളിത് യുവാവിന്റെ അമ്മയ്ക്കു നേരെ പ്രബല ജാതിക്കാരുടെ ക്രൂരമായ അതിക്രമം. മകന്‍ ഗൗണ്ടര്‍ വിഭാഗത്തിലെ യുവതിയെ പ്രണയിച്ചതിന് അമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. 50കാരിയെ വീട്ടുകാരുടെ മുന്നില്‍ വച്ച് വിവസ്ത്രയാക്കിയ ശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബലമായി മദ്യം കുടിപ്പിച്ച ശേഷമാണ് ബലാത്സംഗം ചെയ്തത്. തമിഴ്‌നാട്ടിലെ ധര്‍മപുരിയിലാണ് സംഭവം നടന്നത്.

രാത്രി മുഴുവന്‍ കാട്ടില്‍ വച്ച് പീഡിപ്പിച്ചതായി സ്ത്രീ പറഞ്ഞു. പരാതിയില്‍ കേസെടുത്തിട്ടും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല. ആഗസ്ത് 14നാണ് സംഭവം നടന്നത്.

ധര്‍മ്മപുരിക്ക് സമീപത്തെ മൊറപ്പൂര്‍ ഗ്രാമത്തിലാണ് 24 വയസുളള ദളിത് യുവാവിനൊപ്പം 23 വയസുള്ള ഗൌഡര്‍ വിഭാഗത്തിലെ യുവതി ഒളിച്ചോടിയത്. യുവതി ഒളിച്ചോടിയെന്ന് മനസിലായ രക്ഷിതാക്കള്‍ മകളെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചെങ്കിലും സ്വിച്ച് ഓഫ് ആണെന്നാണ് മറുപടി ലഭിച്ചത്. ഇതിന് പിന്നാലെയാണ് യുവതിയുടെ ബന്ധുക്കള്‍ ദളിത് യുവാവിന്റെ വീട്ടിലെത്തി ബഹളം വച്ചത്. പിന്നാലെ യുവാവിനെ വിളിക്കാന്‍ ആവശ്യപ്പെട്ടതോടെ യുവാവിന്റെ അമ്മ ഭയന്നു. ഫോണില്‍ മകനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്നാണ് മറുപടി ലഭിച്ചത്. പിന്നാലെയാണ് അമ്മയെ തട്ടിക്കൊണ്ടുപോയി ക്രൂരത കാട്ടിയത്.

യുവാവും യുവതിയും ബെംഗളൂരുവിലാണ് ജോലി ചെയ്തിരുന്നത്. മകളെ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയതിന് ശേഷമാണ് യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ വീട്ടിലെത്തിയത്. യുവാവിന്റെ അമ്മയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ പ്രതികളെ പിടികൂടിയില്ല.