അറബിക്കടലില്‍ 1964 ന് ശേഷം ആറ് പതിറ്റാണ്ടിനിടെ രണ്ടാമത്തെ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത


ന്യൂഡല്‍ഹി: അറബിക്കടലില്‍ ആറ് പതിറ്റാണ്ടിനിടെ രണ്ടാമത്തെ ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത. ഗുജറാത്ത് തീരത്ത് വടക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ച ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യാഴാഴ്ച അറിയിച്ചു. അതേസമയം, ഇന്ത്യന്‍ തീരങ്ങളെ ബാധിക്കാന്‍ സാധ്യതയില്ല. സൗരാഷ്ട്ര-കച്ചിന് മുകളിലുള്ള ആഴത്തിലുള്ള ന്യൂനമര്‍ദം വെള്ളിയാഴ്ചയോടെ വടക്കന്‍ അറബിക്കടലിലേക്ക് നീങ്ങും. ന്യൂനമര്‍ദം പടിഞ്ഞാറോട്ട് നീങ്ങിയതായും ഭുജിന് ഏകദേശം 60 കിലോമീറ്റര്‍ വടക്ക്-വടക്ക് പടിഞ്ഞാറ്, നലിയയില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്കുകിഴക്കും പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് 270 കിലോമീറ്റര്‍ കിഴക്ക്-തെക്ക് കിഴക്കും സ്ഥിതി ചെയ്യുന്നതായും ഐഎംഡി അറിയിച്ചു.

രൂപംകൊണ്ടാല്‍ 1964നു ശേഷം അറബിക്കടലില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റായിരിക്കുമിത്. ചുഴലിക്കാറ്റായി മാറുമ്പോള്‍, പാകിസ്ഥാന്‍ നല്‍കിയ അസ്‌ന എന്ന പേരാകും നല്‍കുക. മണ്‍സൂണ്‍ കാലത്ത് അറബിക്കടലില്‍ ചുഴലിക്കാറ്റുകള്‍ അസാധാരണമാണ്. മണ്‍സൂണ്‍ ഡിപ്രഷനുകള്‍ പടിഞ്ഞാറോട്ട് നീങ്ങുമ്പോള്‍ തെക്കോട്ട് ചരിഞ്ഞുകിടക്കുന്നതിനാലും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റിന്റെ ശക്തമായ തടസ്സവും കാരണം ജൂണ്‍-സെപ്തംബര്‍ സീസണില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദങ്ങള്‍ ചുഴലിക്കാറ്റുകളായി മാറാറില്ല. തീവ്ര ന്യൂനമര്‍ദം പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും വടക്കുകിഴക്കന്‍ അറബിക്കടലിലേക്കും കച്ചിനോടും അതിനോട് ചേര്‍ന്നുള്ള സൗരാഷ്ട്ര, പാകിസ്ഥാന്‍ തീരങ്ങളിലേക്കും നീങ്ങാനും സാധ്യതയുണ്ട്.

വെള്ളിയാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറിയേക്കും. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ഇന്ത്യന്‍ തീരത്ത് നിന്ന് വടക്കുകിഴക്കന്‍ അറബിക്കടലിലൂടെ ഏതാണ്ട് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. 1961, 1964, 2022 വര്‍ഷങ്ങളില്‍ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദങ്ങള്‍ ഉണ്ടായെങ്കിലും ചുഴലിക്കാറ്റായി വികസിച്ചില്ല. അതേസമയം, 1926, 1944, 1976 എന്നീ വര്‍ഷങ്ങളില്‍ ചുഴലിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അറബിക്കടലില്‍ ചുഴലിക്കാറ്റായി മാറുന്നത് 1976 ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.