18
July, 2025

A News 365Times Venture

18
Friday
July, 2025

A News 365Times Venture

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു: ശ്വാസകോശ അണുബാധയെ തുടര്‍ന്നായിരുന്നു അന്ത്യം

Date:


ന്യൂഡല്‍ഹി: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. 32 വര്‍ഷമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതല്‍ 2017 വരെ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംമായിരുന്നു.

വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12 ന് ചെന്നൈയില്‍ യച്ചൂരി സീതാരാമ റാവു ജനിച്ചത്. സുന്ദരയ്യക്കു ശേഷം ആന്ധ്രയില്‍നിന്നു സിപിഎം ജനറല്‍ സെക്രട്ടറിയായ നേതാവാണ് യച്ചൂരി.

അച്ഛന്റെ അച്ഛന്‍ യച്ചൂരി സീതാരാമ റാവു ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരിയില്‍ തഹസില്‍ദാരായിരുന്നു. അമ്മയുടെ അച്ഛന്‍ കന്ധ ഭീമ ശങ്കരറാം ചെന്നൈയില്‍ നിയമം പഠിച്ച്, മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി, പിന്നീട് ആന്ധ്ര ഹൈക്കോടതിയില്‍ ജഡ്ജിയും.

ഹൈദരാബാദിലെ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആന്ധ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറായിരുന്ന അച്ഛന്റെ സ്ഥലം മാറ്റങ്ങള്‍ക്കൊപ്പം യച്ചൂരിയുടെ സ്‌കൂളുകളും മാറി.

യച്ചൂരി ഹൈദരാബാദിലെ നൈസാം കോളജില്‍ ഒന്നാം വര്‍ഷ പിയുസിക്കു പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്. 1967-68 ല്‍. ഒരു വര്‍ഷത്തെ പഠനം പ്രക്ഷോഭത്തില്‍ മുങ്ങി. പിന്നാലെ അച്ഛനു ഡല്‍ഹിയിലേക്കു സ്ഥലംമാറ്റം. അവിടെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളില്‍ ഒരു വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്സില്‍ ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചു, ഒപ്പം കണക്കും.

സെന്റ് സ്റ്റീഫന്‍സില്‍ നിന്ന് ബിഎ ഇക്കണോമിക്സില്‍ ഒന്നാം ക്ലാസുമായി ജെഎന്‍യുവില്‍ ഇക്കണോമിക്സ് എംഎയ്ക്ക് ചേര്‍ന്നു. മൂന്നു തവണ ജെഎന്‍യു യൂണിയന്റെ അധ്യക്ഷനായിരുന്നു. അടിയന്തരാവസ്ഥയില്‍ ജെഎന്‍യു തിളച്ചുമറിയുന്ന കാലത്താണു മേനക ആനന്ദിനെ (പിന്നീടു മേനക ഗാന്ധി) ജെഎന്‍യുവിലെ സ്‌കൂള്‍ ഓഫ് ലാംഗ്വേജസില്‍ കയറുന്നതു തടഞ്ഞെന്ന പേരില്‍ യച്ചൂരിയുള്‍പ്പെടെ പലരെയും പൊലീസ് പിടികൂടുന്നത്.

1984 ല്‍ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായ യച്ചൂരി അതേ വര്‍ഷം സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പ്രകാശ് കാരാട്ടിനൊപ്പം സ്ഥിരം ക്ഷണിതാവുമായി. പിറ്റേ വര്‍ഷം കാരാട്ടിനും എസ്. രാമചന്ദ്രന്‍ പിള്ളയ്ക്കുമൊപ്പം കേന്ദ്ര കമ്മിറ്റിയംഗം. 1992ലാണ് മൂവരും പൊളിറ്റ് ബ്യൂറോയിലെത്തുന്നത്.

1996 ല്‍ യച്ചൂരിയും പി. ചിദംബരവും എസ്. ജയ്പാല്‍ റെഡ്ഡിയും ചേര്‍ന്നിരുന്ന് ഐക്യമുന്നണി സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കി. 2004 ല്‍ യുപിഎ സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയുണ്ടാക്കാന്‍ യച്ചൂരിയും ജയ്റാം രമേശും ഒത്തുകൂടി. ഇന്ദ്രാണി മജുംദാറാണ് ഭാര്യ. മകന്‍: പരേതനായ ആശിഷ് യച്ചൂരി.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related