നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു


അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ മെഷ്വോ നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് പേര്‍ മുങ്ങിമരിച്ചു.വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മരിച്ചവര്‍ ദെഹ്ഗാം താലൂക്കിലെ വാസ്‌ന സോഗ്തി ഗ്രാമത്തിലെ താമസക്കാരാണെന്ന് അധികൃതര്‍ പറഞ്ഞു.എട്ട് മൃതദേഹങ്ങള്‍ നദിയില്‍ നിന്ന് കണ്ടെടുത്തു. എത്ര പേര്‍ വെള്ളത്തിലിറങ്ങി എന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ തിരച്ചില്‍ തുടരുകയാണ് .

മരിച്ചവര്‍ ആ നാട്ടുകാര്‍ തന്നെയാണ്. കുറച്ച് അകലെയുള്ള നിര്‍മ്മാണത്തിലിരിക്കുന്ന ചെക്ക് ഡാം കാരണം ജലനിരപ്പ് അടുത്തിടെ ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ അവര്‍ സ്ഥലത്തെ നദിയുടെ ആഴം തെറ്റായി വിലയിരുത്തിയിരിക്കാം എന്നാണ് അധികൃതരുടെ നിഗമനം.

വടക്കന്‍ , മധ്യ ഗുജറാത്തില്‍ കൂടി ഒഴുകുന്ന ഒരു നദിയാണ് മെഷ്വോ .ആരവല്ലി പര്‍വ്വത നിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന ഇത് സബര്‍മതിയുടെ പോഷകനദിയും വത്രക് നദിയുടെ ഉപനദിയുമാണ്.