ന്യൂഡൽഹി: ശുക്ര ദൗത്യത്തിനായി ഇന്ത്യ തയ്യാറെടുക്കുന്നത് ചാന്ദ്ര ദൗത്യങ്ങളുടെ തുടർവിജയങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ്. ബഹിരാകാശ രംഗത്ത് ഇന്ത്യ മറ്റേത് രാജ്യത്തോടും കിടപിടിക്കാനുള്ള ശക്തിയും സാങ്കേതിക വൈദഗ്ധ്യവും നേടിക്കഴിഞ്ഞു എന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. ശുക്രഗ്രഹത്തെക്കുറിച്ച് പഠിക്കാൻ 1236 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ.യുടെ ആദ്യ ശുക്രദൗത്യത്തിനാണ് ഇതോടെ തുടക്കമാകുന്നത്.
2028 മാർച്ചിൽ ശുക്രനിലേക്ക് ബഹിരാകാശ പേടകത്തെ അയക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി 824 കോടി രൂപ മുടക്കി പേടകം നിർമ്മിക്കും. ‘വീനസ് ഓർബിറ്റർ മിഷൻ’ എന്ന പേരിലാകും ശുക്രദൗത്യം. ശുക്രന്റെ ഭ്രമണപഥത്തിൽ പേടകത്തെ എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ആദ്യഭാഗം. ശുക്രന്റെ ഉപരിതലം, അന്തർഭാഗം, അന്തരീക്ഷസ്ഥിതി, ശുക്രഗ്രഹത്തിൽ സൂര്യന്റെ സ്വാധീനം തുടങ്ങിയവയെല്ലാം ദൗത്യത്തിന്റെ ഭാഗമായി പഠിക്കും. ഭൂമിയോട് ഏറ്റവുമടുത്ത ഗ്രഹമായ ശുക്രനിൽ, ഭൂമിയിലേതിനു സമാനമായ സ്ഥിതിയുള്ളതായാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം, ചന്ദ്രനിൽ ഇന്ത്യക്കാരെ എത്തിക്കാനുള്ള പദ്ധതിയുമായി ഐഎസ്ആർഒ മുന്നോട്ട് പോകുകയാണ്. ചന്ദ്രയാൻ-4 മിഷന് 2104.06 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. ഇന്ത്യക്കാർ ചന്ദ്രനിലിറങ്ങുന്നതിനാവശ്യമായ അടിത്തറയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബഹിരാകാശ പേടകം വികസിപ്പിച്ചെടുക്കുന്നതിനുള്ള ചുമതല ഐ.എസ്.ആർ.ഒ.യ്ക്കാണ്. 36 മാസംകൊണ്ട് ചന്ദ്രയാൻ-4 പൂർത്തീകരിക്കാനാണ് ലക്ഷ്യം. 2040-ഓടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലെത്തിച്ച് ഭൂമിയിൽ തിരിച്ചിറക്കുന്നതാണ് ചന്ദ്രയാൻ-4 ദൗത്യം.
ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ – ഒന്ന് വികസിപ്പിക്കുന്നതിന് 20,193 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചു. ബി.എ.എസ്-1 മൊഡ്യൂൾ 2029 ഡിസംബറോടെ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യം. ഐ.എസ്.ആർ.ഒ. മാർക്ക്-3 വിക്ഷേപണവാഹനത്തിന്റെ മൂന്നിരട്ടി പേലോഡ് ശേഷിയുള്ളതും ഭാഗികമായി പുനരുപയോഗ സാധ്യതയുള്ളതുമായ നാലാം തലമുറ വിക്ഷേപണ വാഹനത്തിന്റെ(എൻ.ജി.എൽ.വി) രൂപകല്പനയ്ക്കും വികസനത്തിനുമായി 8,240 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചു. 2040-ലെ ചാന്ദ്രദൗത്യത്തിന് ഇത് നിർണായകമാകും. എട്ടു വർഷത്തിനുള്ളിൽ വിക്ഷേപണവാഹനം പൂർത്തീകരിക്കും.