നർത്തകിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് 3ദിവസം പീഡിപ്പിച്ചു, വേശ്യാവൃത്തിക്ക് നിർബന്ധിച്ചു: ഇവന്റ് മാനേജറും ഭാര്യയും അറസ്റ്റിൽ


ആഗ്ര: ഇരുപത്തിയാറുകാരിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് മൂന്നു ദിവസത്തോളം പീഡിപ്പിച്ച ഇവന്റ് മാനേജറും ഭാര്യയും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ നർത്തകിയെ ആണ് ആഗ്രയിലെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചത്. സംഭവത്തിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവന്റ് മാനേജറായ വിനയ് ഗുപ്ത, ഭാര്യ മീര എന്നിവരെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു നൃത്ത പരിപാടിയ്ക്കായിട്ടാണ് വിനയ് യുവതിയെ ബന്ധപ്പെട്ടത്. ഈ മാസം എട്ടിന് യുവതിയെ തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. അവിടെവച്ച് ഇയാളുടെ ഭാര്യ മീര, യുവതിക്ക് ലഹരിമരുന്ന് ചേർത്ത ചായ നൽകി. ഉറക്കമുണർന്നപ്പോൾ താൻ ഒരു മുറിയിൽ കെട്ടിയിട്ട നിലയിലായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. വിനയ് തന്നെ ബന്ദിയാക്കി മൂന്ന് ദിവസത്തോളം ബലാത്സംഗം ചെയ്തെന്നും യുവതി ആരോപിച്ചു. കൂടുതൽ പണം സമ്പാദിക്കാൻ വേശ്യാവൃത്തിക്ക് വിനയ് പ്രേരിപ്പിച്ചെന്നും മറ്റു സ്ത്രീകളെയും ഇയാൾ വേശ്യാവൃത്തിക്ക് നിർബന്ധിച്ചിട്ടുണ്ടെന്നും യുവതി പൊലീസിനോടു പറഞ്ഞു.

‘‘വിനയ് ഗുപ്തയുടെ വീട്ടിൽനിന്നു യുവതി എങ്ങനെയോ രക്ഷപ്പെട്ട് താജ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ എത്തി, വെള്ളിയാഴ്ച പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു. ശനിയാഴ്ചയാണ് വിനയ് ഗുപ്തയെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.’’– ആഗ്ര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സയ്യിദ് അരീബ് അഹമ്മദ് പറഞ്ഞു.