അമരാവതി: തിരുപ്പതിയിലെ എല്ലാ ജീവനക്കാരും ഹിന്ദുക്കളായിരിക്കണമെന്ന ആവശ്യം ആന്ധ്രാ സർക്കാരിനെ അറിയിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) പുതിയ ചെയർമാൻ ബി.ആർ നായിഡു. ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ തിരുപ്പതിയില്‍ ജോലി ചെയ്യുന്ന ഇതര മതസ്ഥരായ ജീവനക്കാരെ എപ്രകാരം കൈകാര്യം ചെയ്യണമെന്ന വിഷയത്തില്‍ സർക്കാരുമായി ചർച്ച നടത്തും.
സംസ്ഥാന സർക്കാരിന്റെ മറ്റ് വകുപ്പുകളിലേക്ക് മാറ്റുകയോ സ്വമേധയാ വിരമിക്കുന്ന പദ്ധതിയിലേക്ക് (Voluntary Retirement Scheme) മാറാൻ താത്പര്യമുള്ളവരെ അത്തരത്തില്‍ പരിഗണിക്കുകയോ ചെയ്യണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ടിടിഡി ചെയർമാൻ വ്യക്തമാക്കി. തിരുമലയില്‍ ജോലി ചെയ്യുന്ന എല്ലാവരും ഹിന്ദു ആയിരിക്കണം. അതിനുവേണ്ടിയാണ് ആദ്യം പ്രയത്നിക്കുക. ഇക്കാര്യവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ട്. അതെല്ലാം വിശദമായി പരിശോധിക്കണം- ബിആർ നായിഡു പറഞ്ഞു.
തിരുപ്പതി വെങ്കിടേശ്വരന്റെ വലിയ ഭക്തനാണ് നിലവില്‍ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ബി.ആർ നായിഡു. തനിക്ക് ലഭിച്ച നിയമനം വലിയൊരു പദവിയായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. ടിടിഡിയെ നയിക്കാനുള്ള ഉത്തരവാദിത്വം ഏല്‍പ്പിച്ച മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോടും എൻഡിഎ സർക്കാരിനോടും അദ്ദേഹം നന്ദി പറഞ്ഞു. വൈഎസ്‌ആർ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ടിടിഡിയില്‍ നിരവിധി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും നായിഡു ചൂണ്ടിക്കാട്ടി.