ആംബുലൻസിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. മുംബൈയിലാണ് സംഭവം. ഗർഭിണിയുമായി പോകുകയായിരുന്ന ആംബുലൻസിനാണ് തീപിടിച്ചത്. എൻജിനിൽ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം മുഴുവനായി വ്യാപിക്കുകയുമായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന ഗർഭിണിയായ സ്ത്രീയും കുടുംബവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലാണ് സംഭവം. ഗർഭിണിയെയും കുടുംബത്തെയും എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ദാദാ വാദി മേഖലയിലെ ദേശീയ പാതയിലുള്ള മേൽപ്പാലത്തിലാണ് സംഭവമുണ്ടായത്. അംബുലൻസിൽ തീപടരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എൻജിനിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വൻ അപകടം ഒഴിവായത്. പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ വാഹനം നിർത്തിയ ഡ്രൈവർ ആംബുലൻസിലുണ്ടായിരുന്ന ഗർഭിണിയെയും കുടുംബത്തെയും പുറത്തിറക്കിയ ശേഷം സുരക്ഷിതമായ ദൂരത്തേയ്ക്ക് മാറ്റി നിർത്തി. മിനിറ്റുകൾക്കുള്ളിൽ തന്നെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. ശക്തമായ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ചില വീടുകളുടെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്.