ലക്നൗ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ തുടർച്ചയായ ആറാം മത്സരത്തിലും അപരാജിതരായി മുന്നോട്ട്. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിഫൈനൽ ഉറപ്പാക്കി. ഈ ലോകകപ്പിൽ ആദ്യമായി സെമിഫൈനൽ ഉറപ്പാക്കുന്ന ടീമാണ് ഇന്ത്യ. ഇന്ത്യ ഉയർത്തിയ 230 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ഇംഗ്ലണ്ട് 34.5 ഓവറിൽ 129 റൺസിന് പുറത്തായി. നാലു വിക്കറ്റെടുത്ത മൊഹമ്മദ് ഷമിയും മൂന്നു വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയും ചേർന്നാണ് ഇംഗ്ലണ്ടിനെ തകർത്തത്. കുൽദീപ് യാദവ് രണ്ടു വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. ഇംഗ്ലണ്ട് നിരയിൽ 27 റൺസെടുത്ത ലിയാങ് ലിവിങ്സ്റ്റൻ ആണ് ടോപ് സ്കോറർ. ബാറ്റിങ് നിര തകർച്ച നേരിട്ടപ്പോഴും 87 റൺസെടുത്ത് തിളക്കമാർന്ന ഇന്നിംഗ്സ് കാഴ്ചവെച്ച നായകൻ രോഹിത് ശർമ്മയാണ് മാൻ ഓഫ് ദ മാച്ച്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ഒമ്പത് റൺസെടുത്ത ശുഭ്മാൻ ഗില്ലും റൺസെടുക്കാതെ വിരാട് കോഹ്ലിയും നാല് റൺസെടുത്ത ശ്രേയസ് അയ്യരും പുറത്തായതോടെ, ഈ ലോകകപ്പിൽ ഇതാദ്യമായി ഇന്ത്യ ബാറ്റിങ് പ്രതിസന്ധി നേരിട്ടു. ഈ ഘട്ടത്തിൽ മൂന്നിന് 40 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.
ഒരു വശത്ത് രോഹിത് ശർമ്മ ഉറച്ചുനിന്നതാണ് ഇന്ത്യയ്ക്ക് തുണയായത്. ആദ്യമുതൽക്കേ അടിച്ചുകളിച്ച രോഹിത് വിക്കറ്റുകൾ വീണതോടെ കരുതലോടെ ബാറ്റുവീശി. കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരുമായി നിർണായക കൂട്ടുകെട്ട് ഉണ്ടാക്കി രോഹിത്. 101പന്ത് നേരിട്ട രോഹിത് ശർമ്മ 87 റൺസെടുത്തു. രാഹുൽ 39 റൺസും സൂര്യകുമാർ യാദവ് 49 റൺസും നേടി. ജസ്പ്രിത് ബുംറ 16 റൺസെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി മൂന്നു വിക്കറ്റ് നേടി. ക്രിസ് വോക്ക്സ്, ആദിൽ റഷീദ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
ഇംഗ്ലണ്ടിനെതിരായ ജയത്തോടെ ആറ് മത്സരങ്ങളിൽ ആറും ജയിച്ച് 12 പോയിന്‍റുമായി ഇന്ത്യ പോയിന്‍റ് ടേബിളിൽ ഒന്നാമതായി. ഇന്ത്യയ്ക്കെതിരെയും തോറ്റതോടെ രണ്ട് പോയിന്‍റ് മാത്രമുള്ള ഇംഗ്ലണ്ട് പത്താം സ്ഥാനത്താണ്. ഇതോടെ നിലവിലെ ജേതാക്കൾ ഇത്തവണ സെമിഫൈനൽ കാണാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായി.
നവംബർ രണ്ടിന് ശ്രീലങ്കയ്ക്കെതിരെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. നവംബർ നാലിന് ഓസ്ട്രേലിയയ്ക്കെതിരെ അഹമ്മദാബാദിലാണ് ഇംഗ്ലണ്ടിന്‍റെ അടുത്ത മത്സരം.