Opinion | ഒളിമ്പിക്സ് വേദിയ്ക്കായുള്ള ലേലത്തിൽ പങ്കെടുക്കാൻ ഇന്ത്യയ്ക്ക് ഇത് ഉചിതമായ സമയം; കാരണമെന്ത്?
പലാഷ് കൃഷ്ണ മെഹ്റോത്ര
141-ാമത് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സമ്മേളനത്തിന് മുംബൈ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഒക്ടോബര്‍ 15 മുതല്‍ 17 വരെയാണ് സെഷന്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഐഒസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത നിത അംബാനിയുടെ നേതൃത്വത്തില്‍ 2022-ല്‍ തന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
ഇതൊരു ചരിത്ര നിമിഷമാണ്, ഇത് രണ്ടാം തവണയാണ് ഇന്ത്യ ഈ സെഷനു ആതിഥേയത്വം വഹിക്കുന്നത്. 40 വര്‍ഷം മുമ്പാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ ഐഒസി സെഷന്‍ നടന്നത്. 2036ലെ ഒളിമ്പിക്സിന് വേണ്ടിയുള്ള ലേലത്തിൽ ഇന്ത്യ പങ്കെടുക്കുമെന്ന് സൂചന ലഭിച്ചതിനാല്‍ ഈ സെഷന് പ്രത്യേകളേറെയുണ്ട്. ഇതിന് പുറമെ, ഇന്ത്യ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെ വിമര്‍ശിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ഈ ഐഒസി (IOC) സെഷന്‍ മറ്റ് കാരണത്താലും പ്രധാനമാണ്. ലോസ് ഏഞ്ചല്‍സിൽ 2028 നടക്കുന്ന ഒളിമ്പിക്സില്‍ ക്രിക്കറ്റ് മത്സരയിനമായി ഉണ്ടാകുമെന്ന് ഇന്ത്യയില്‍ നടക്കുന്ന സെഷനില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കാം.
അതേസമയം, ഒളിമ്പിക്‌സിനായുള്ള ബിഡ് സമര്‍പ്പിക്കാന്‍ വലിയ തുക ആവശ്യമായി വരും. 2012-ല്‍ ലണ്ടന്‍ ഒളിമ്പിക്‌സിന് വേദിയായപ്പോള്‍, ബിഡ്ഡിംഗ് ഫീസായി 500,000 ഡോളറാണ് ഐഒസിക്ക് നല്‍കിയത്. ഐഒസി സെഷന്‍ ആതിഥേയത്യം വഹിക്കുന്നത് തന്നെ വലിയ കാര്യമാണ്. അതിലും വലിയ നേട്ടമാകും ലേലത്തിൽ പങ്കെടുക്കാൻ ബിഡ് സമര്‍പ്പിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി രാജ്യത്തിന്റെ കായികശേഷി വലിയ തോതില്‍ വികസിച്ചിട്ടുണ്ട്. അടുത്തിടെ സമാപിച്ച ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍, ഇന്ത്യ വ്യത്യസ്ത ഇനങ്ങളില്‍ 107 മെഡലുകള്‍ നേടി, അതില്‍ 28 എണ്ണം സ്വര്‍ണമാണ്. സര്‍ക്കാരും സ്വകാര്യമേഖലയും കായികതാരങ്ങളെ പരിപോഷിപ്പിക്കാന്‍ ഒരുമിച്ചു കാര്യക്ഷമമായി പ്രവര്‍ത്തിച്ചു.
എന്നാല്‍ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുമ്പോള്‍ ചില ഗുണദോഷങ്ങള്‍ ഉണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. ഇത്രയും വലിയൊരു ഇവന്റിന് ആതിഥേയത്വം വഹിക്കുന്നതു കൊണ്ടുള്ള ഗുണദോഷങ്ങള്‍ എന്തൊക്കെയാണ്. ആദ്യം ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:
ഇന്ത്യ ലേലത്തില്‍ വിജയിക്കുകയും വിജയകരമായ ഒരു ഇവന്റ് നടത്തുകയും ചെയ്താല്‍, പൗരന്മാര്‍ക്കും നമ്മുടെ കായികതാരങ്ങള്‍ക്കും സ്വന്തം രാജ്യത്തെക്കുറിച്ചുള്ള അഭിമാനം വര്‍ധിക്കും. അത് ഒരു തലമുറയുടെ മുഴുവന്‍ പ്രതിച്ഛായ തന്നെ മാറ്റിമറിക്കും. ആതിഥേയത്വം വഹിക്കുന്നത് ഒരു രാജ്യത്തിന്റെ അന്താരാഷ്ട്ര നിലവാരം വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല. ലോകമെമ്പാടും അംഗീകാരം ലഭിക്കും, അത് രാജ്യത്തിന്റെ ബ്രാന്‍ഡ് മൂല്യം കൂട്ടും. ഇതുവഴി വ്യാപാരം, ബിസിനസ്സ്, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവയ്ക്ക് വഴിതെളിക്കും, അതിന്റെ നേട്ടങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും ലഭിക്കും. ഉദാഹരണത്തിന്, ബാഴ്സലോണ ഗെയിംസിന് ആതിഥേയത്വം വഹിച്ചതിന് തൊട്ടുപിന്നാലെ സ്‌പെയിനിന് യൂറോപ്യന്‍ ഇക്കണോമിക് കമ്മ്യൂണിറ്റിയില്‍ അംഗത്വം ലഭിച്ചിരുന്നു.
ടൂറിസ്റ്റുകളുടെയും ആഗോള ടെലിവിഷന്‍ പ്രേക്ഷകരുടെയും രൂപത്തില്‍ സാമ്പത്തിക നേട്ടം ലഭിക്കും. ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ചതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ ഇംഗ്ലണ്ട് നേട്ടങ്ങള്‍ കൊയ്യുന്നത് തുടരുകയാണ്, വിനോദസഞ്ചാരികളുടെ എണ്ണം 12 ശതമാനമായി വര്‍ധിച്ചു.
ദോഷങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:
ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്നത് വഴിയുള്ള സാമ്പത്തിക ലാഭത്തെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 1984ൽ ലോസ് ആഞ്ചലസും 1992-ൽ ബാഴ്സലോണയും ഒഴികെ മുന്‍കാലങ്ങളില്‍ നടന്ന ഒരു ഒളിമ്പിക്‌സും ലാഭത്തിലായിരുന്നില്ലെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. വന്‍ തുക മുടക്കി ഒളിമ്പിക്‌സിനായി സൃഷ്ടിച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പലപ്പോഴും വലിയ തുക നല്‍കേണ്ടതായി വന്നിട്ടുണ്ട്, ഇത് രാജ്യത്തെ സ്റ്റേഡിയങ്ങളും സൗകര്യങ്ങളും നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇനി അഥവാ അവ പരിപാലിക്കപ്പെടുകയാണെങ്കില്‍, പൗരന്മാര്‍ക്ക് മേല്‍ അമിത നികുതിഭാരം ചുമത്തപ്പെടും.
ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നത് പോലെയുള്ള പ്രശ്‌നങ്ങളുമുണ്ട്. ഉദാഹരണത്തിന്, 2008ൽ ബെയ്ജിംഗില്‍ നടന്ന ഒളിമ്പികിസിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 1.5 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, താമസക്കാരെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് മാറ്റി. ടൂറിസത്തില്‍ നിന്നുള്ള സാമ്പത്തിക നേട്ടം ഹ്രസ്വകാലത്തേക്ക് മാത്രമാണ് കണക്കാക്കപ്പെടുന്നത്. സൈന്യം, മിസൈല്‍ ലോഞ്ചറുകള്‍, അന്തര്‍വാഹിനികള്‍ എന്നിവ തയാറാക്കി നിര്‍ത്തേണ്ടി വരുമെന്നും വിമര്‍ശകര്‍ വാദിക്കുന്നു.
മറ്റൊന്ന്, ഒരു ‘ദരിദ്ര’ രാജ്യം പണം ‘പാഴാക്കുന്നു’ അല്ലെങ്കില്‍ അതിമോഹം എന്നിങ്ങനെയുള്ള വാദങ്ങളും ഉയരുന്നുണ്ട്. ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തിയപ്പോഴും പലരും ഇത് പറഞ്ഞു. എന്നാൽ മാനവികതയ്ക്ക് നൽകിയ ഒരു സംഭാവനയായിരുന്നു അത്. ഒരു ശരാശരി ഹോളിവുഡ് ചിത്രത്തിന് ആവശ്യമായ തുകയേക്കാൾ കുറവായിരിക്കും ഇതെന്ന് മറ്റൊരാള്‍ പറഞ്ഞു.
ഇന്ത്യയുടെ പ്രതിച്ഛായ നിരന്തരം മാറുകയും വികസിക്കുകയും ചെയ്യുന്നു. വലിയ സ്വപ്നങ്ങള്‍ കാണുന്നതില്‍ നിന്ന് നമ്മെ തടയാന്‍ ആര്‍ക്കും കഴിയില്ല. വിദ്യാഭ്യാസം, ആരോഗ്യം, പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഒരേസമയം പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ നമുക്ക് അത് നേടാന്‍ കഴിയും.
മറ്റൊന്ന്, ആതിഥേയ രാജ്യങ്ങള്‍ മുന്‍കാലങ്ങളില്‍ ചെയ്ത തെറ്റുകളില്‍ നിന്ന് നമുക്ക് പഠിക്കാം. ദേശീയത ഒരു മോശം വാക്കല്ല. രാഷ്ട്രങ്ങള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു, ഈ മെഗാ ഇവന്റ് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് നമ്മൾക്കാണെന്ന് നമ്മള്‍ ഉറപ്പാക്കണം. മറ്റ് രാജ്യങ്ങളെപ്പോലെ കൂടുതല്‍ പണം മുടക്കി ചെയ്ത അടിസ്ഥാന സൗകര്യങ്ങള്‍ പാഴാകാന്‍ അനുവദിക്കരുത്, മറിച്ച് ഇത് നമ്മുടെ കായിക താരങ്ങള്‍ക്ക് ഒരു ശാശ്വത വേദിയാക്കി മാറ്റാന്‍ ശ്രമിക്കണം.
നമ്മുടെ തെറ്റുകളില്‍ നിന്ന് നമ്മള്‍ പഠിക്കണം. ഏഷ്യാഡ് വില്ലേജിന് എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ബ്യൂറോക്രാറ്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, കേന്ദ്ര മന്ത്രിമാര്‍, തിരഞ്ഞെടുത്ത ഏതാനും കലാകാരന്മാര്‍, നര്‍ത്തകര്‍ തുടങ്ങിയ ഉന്നതര്‍ക്ക് ഫ്‌ളാറ്റുകളുടെ ഭൂരിഭാഗവും അനുവദിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ മറുവശത്ത്, ഇന്ത്യയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം 1982 ഏഷ്യാഡിന് വേണ്ടി നിര്‍മ്മിച്ചതാണ്, അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ രാജ്യത്തെ അത്ലറ്റുകള്‍ക്ക് ഈ സ്റ്റേഡിയം ഉപയോഗിക്കാന്‍ സാധിച്ചു.
നമ്മുടെ കായികതാരങ്ങള്‍ക്ക് വലിയ ഉത്തേജനമായി നാട്ടില്‍ ഒരു ഒളിമ്പിക്സ് വരും. ജനസംഖ്യയില്‍ ഒന്നാമതായിട്ടും എന്തുകൊണ്ടാണ് ഇന്ത്യ കൂടുതല്‍ മെഡലുകളും ടൂര്‍ണമെന്റുകളും നേടാത്തതെന്ന് വിദേശത്തുള്ള സുഹൃത്തുക്കള്‍ എന്നോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്. നമ്മുടെ യഥാര്‍ത്ഥ കായിക ശേഷി പ്രയോജനപ്പെടുത്താന്‍ ഒളിമ്പിക്‌സ് നമ്മെ സഹായിക്കും. ലോകപ്രശസ്തമായ ഈ അഞ്ച് വളയങ്ങള്‍ 2036ല്‍ ഇന്ത്യന്‍ നിറങ്ങളാല്‍ തിളങ്ങും.
(‘ദ ബട്ടർഫ്ലൈ ജനറേഷൻ: എ പേഴ്സണൽ ജേർണി ഇൻ ദ പാഷൻസ് ആൻഡ് ഫോളീസ് ഓഫ് ഇന്ത്യാസ് ടെക്നിക്കളർ യൂത്ത്’ എന്ന കൃതിയുടെ രചയിതാവാണ് ലേഖകൻ. ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന കാഴ്ചപ്പാടുകൾ വ്യക്തിപരവും രചയിതാവിന്റെ മാത്രം അഭിപ്രായവുമാണ്. അവ ന്യൂസ് 18-ന്റെ അഭിപ്രായങ്ങളല്ല)