അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സമ്മേളനം ചേരുന്നത് എന്തിന്? വോട്ടിംഗ് നിയമങ്ങൾ എന്തൊക്കെ?


ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഒളിപിക് കമ്മിറ്റി (ഐഒസി)യുടെ സമ്മേളനം ഒക്ടോബര്‍ 15 മുതല്‍ 17 വരെ മുംബൈയില്‍ വെച്ച് നടത്തപ്പെടുകയാണ്. 40 വര്‍ഷത്തിന് ശേഷമാണ് ഐഒസി സമ്മേളനം ഇന്ത്യയില്‍ നടക്കുന്നതെന്നതും പ്രത്യേകതയാണ്. ഒളിംപിക് മത്സരങ്ങളുടെ നടത്തിപ്പും ഒളിംപിക് പ്രസ്ഥാനത്തെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും അടങ്ങിയ ഒളിംപിക് ചാര്‍ട്ടറില്‍ മാറ്റം വരുത്തുകയും പരിഷ്‌കരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് ഐഒസി സമ്മേളനത്തിലാണ്. ഈ തീരുമാനങ്ങള്‍ അന്തിമമാണ്. ചാര്‍ട്ടര്‍ അംഗീകരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, ഐഒസി അംഗങ്ങളുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ്, ഒളിംപിക്സിന്റെ ആതിഥേയ നഗരത്തിന്റെ തിരഞ്ഞെടുപ്പ് എന്നിവ ഉള്‍പ്പെടെ ആഗോള ഒളിംപിക്സ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇത് ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുന്നു.

ഐഒസി എക്‌സിക്യുട്ടിവ് ബോര്‍ഡിന് അധികാരങ്ങള്‍ നല്‍കാമെങ്കിലും എല്ലാ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതും ഐഒസി സമ്മേളനമാണ്. അത് ബോര്‍ഡ് മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങളില്‍ വോട്ട് ചെയ്യുന്നു.

വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഐഒസി സമ്മേളനം കൂടണം. മിക്കപ്പോഴും രണ്ടോ മൂന്നോ ദിവസമായിരിക്കും സമ്മേളനം നടക്കുക. ഒളിംപിക്‌സ് ഗെയിംസ് നടക്കുന്ന വര്‍ഷങ്ങളില്‍ ഐഒസി സമ്മേളനം അതിന് മുമ്പായി നടക്കും.

ഐഒസി പ്രസിഡന്‍റ് മുന്‍കൈ എടുത്തോ അല്ലെങ്കില്‍ ഐഒസി അംഗങ്ങളില്‍ മൂന്നിലൊന്ന് പേരുടെയെങ്കിലും രേഖാമൂലമുള്ള അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലോ ഒരു അസാധാരണ ഐഒസി സെഷന്‍ വിളിക്കാവുന്നതാണ്.

ഐഒസി സമ്മേളനം ചേരുന്നത് എന്തിന്?

താഴെ പറയുന്നവയാണ് ഐഒസി സമ്മേളനം ചേരുന്നതിന്റെ പ്രധാന ലക്ഷ്യങ്ങൾ

1. ഒളിംപിക് ഗെയിംസ് നടത്തുന്ന രാജ്യത്തെ തിരഞ്ഞെടുക്കുക.
2. ഐഒസി പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാര്‍, ഐഒസി എക്‌സിക്യൂട്ടീവ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍, ഐഒസി അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കുക.
3. ഒളിംപിക് ചാര്‍ട്ടറില്‍ തീരുമാനങ്ങളെടുക്കുകയോ ഭേദഗതികള്‍ വരുത്തുകയോ ചെയ്യുക
4. ഒളിംപിക് ഗെയിംസില്‍ ഒരു കായിക വിനോദത്തെ ഉള്‍പ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനും ഐഒസി ആണ് തീരുമാനമെടുക്കുന്നത്.
5. ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ഫെഡറേഷനുകള്‍ (ഐഎഫ്എസ്), നാഷണല്‍ ഒളിംപിക് കമ്മിറ്റികള്‍ (എന്‍ഒസി) അല്ലെങ്കില്‍ മറ്റേതെങ്കിലും കായിക സംഘടനകളുടെ അംഗീകാരം (അല്ലെങ്കില്‍ ഒഴിവാക്കല്‍) എന്നിവയിൽ തീരുമാനമെടുക്കും.
6. വരാനിരിക്കുന്ന ഐഒസി സമ്മേളനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങൾ തീരുമാനിക്കും (സാധാരണ ഐഒസി സമ്മേളനങ്ങള്‍ നടക്കുന്ന സ്ഥലം ഐഒസി പ്രസിഡന്റാണ് തീരുമാനിക്കുന്നത്)
7. ഐഒസിയുടെ റിപ്പോര്‍ട്ടുകളും കണക്കുകളും അംഗീകരിക്കുക

ഇന്ത്യയുടെ ഒളിംപിക് ആവേശം ഉയർന്നു കഴിഞ്ഞു; നിതാ അംബാനിയുടെ ശ്രമങ്ങൾ അതീവ ശ്‌ളാഘനീയം; ഐഒസി പ്രസിഡന്റ് തോമസ് ബാച്ച്

ഐഒസി സമ്മേളനത്തിലെ വോട്ടിങ് രീതി

1. ഐഒസി പ്രസിഡന്റ്, അല്ലെങ്കില്‍, അദ്ദേഹത്തിന്റെ അഭാവത്തില്‍, ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ഐഒസി വൈസ് പ്രസിഡന്റ് ആയിരിക്കും ഐഒസി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുക.

2. ഐഒസി സമ്മേളനത്തില്‍ ക്വാറം തികയ്ക്കുന്നതിന് ആകെയുള്ള അംഗത്തിന്റെ പകുതിയും ഒരാള്‍ കൂടിയും വേണം.

3. ഓരോ അംഗത്തിനും ഓരോ വോട്ടിന് അര്‍ഹതയുണ്ട്. പ്രതിനിധി മുഖേനയുള്ള വോട്ടിങ് അനുവദിക്കുകയില്ല. വിട്ടുനിന്നതും അസാധുവോട്ടുകളും രേഖപ്പെടുത്താത്ത വോട്ടുകളും കണക്കാക്കില്ല.

4. ഒളിംപിക് വേദി, ഐഒസി സെഷൻ, ഒളിംപിക് കോൺഗ്രസ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന രാജ്യങ്ങളിലെ പ്രതിനിധികൾക്ക് വോട്ടുചെയ്യാന്‍ അനുവാദമുണ്ടായിരിക്കുന്നതല്ല.

5. ഭൂരിപക്ഷം വോട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. എന്നിരുന്നാലും, ഒളിമ്പിക് ചാര്‍ട്ടറിന്റെ അടിസ്ഥാന തത്വങ്ങളിലും നിയമങ്ങളിലും എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് ഐഒസി സെഷനില്‍ പങ്കെടുക്കുന്ന മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം ആവശ്യമാണ്.

6. വോട്ടിങ്ങില്‍ ഭൂരിപക്ഷം കിട്ടിയാല്‍ മാത്രമേ ആതിഥേയ രാജ്യത്തെ തിരഞ്ഞെടുക്കുകയുള്ളൂ. അല്ലാത്ത പക്ഷം ആ രാജ്യത്തെ ഒഴിവാക്കും. ഭൂരിപക്ഷം ഇല്ലെങ്കില്‍, ഏറ്റവും കുറച്ച് വോട്ടുകളുള്ള ആതിഥേയനെ ഒഴിവാക്കുകയും ഐഒസി അംഗങ്ങള്‍ മറ്റൊരു റൗണ്ട് വോട്ടിംഗിലേക്ക് പോകുകയും ചെയ്യുന്നു കേവല ഭൂരിപക്ഷം ലഭിക്കുന്നതുവരെ ഈ നടപടിക്രമം ആവര്‍ത്തിക്കുന്നു.

7. ഐഒസി പ്രസിഡന്റ്, ഐഒസി വൈസ് പ്രസിഡന്റുമാര്‍, ഐഒസി എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെ ഐഒസി സമ്മേളനത്തില്‍വെച്ച് രഹസ്യ ബാലറ്റിലൂടെ പോള്‍ ചെയ്ത വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കും.
ഭൂരിപക്ഷം ഇല്ലെങ്കില്‍, ഏറ്റവും കുറച്ച് വോട്ടുകളുള്ള സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കുകയും IOC അംഗങ്ങള്‍ മറ്റൊരു റൗണ്ട് വോട്ടിംഗിലേക്ക് പോകുകയും ചെയ്യും. കേവല ഭൂരിപക്ഷം ലഭിക്കുന്നത് വരെ ഈ വോട്ടെടുപ്പ് ആവര്‍ത്തിക്കും.

ഐഒസി സെഷനില്‍ നിലവില്‍ വോട്ടെടുപ്പിന് അനുമതിയുള്ള 99 അംഗങ്ങളുണ്ട്. ഇത് കൂടാതെ 43 ഓണററി അംഗങ്ങളുമുണ്ട്.
മുംബൈയില്‍ നടക്കുന്ന ഐഒസി സമ്മേളനത്തില്‍ കായിക ലോകത്തെ പ്രമുഖരായ 600-ല്‍ പരം വ്യക്തികളും നൂറ് രാജ്യങ്ങളില്‍ നിന്നുള്ള ആഗോള മാധ്യമങ്ങളും പങ്കെടുക്കുമെന്നാണ് കരുതുന്നത്.

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ 141-ാമത് സെഷൻ ഈ മാസം മുംബൈയിൽ; ഐഒസി യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് 40 വർഷത്തിന് ശേഷം

ഇന്ത്യന്‍ കായികരംഗത്ത് ഈ ഐഒസി സമ്മേളനം ഒരു നാഴികക്കല്ലായി തീരുമെന്നാണ് കരുതുന്നത്. കൂടാതെ, ആഗോള കായിക ഭൂപടത്തില്‍ ഇന്ത്യക്ക് പ്രമുഖ സ്ഥാനം ലഭിക്കാനും കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും ലോകോത്തര പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരം ഇതൊരുക്കുമെന്നാണ് കരുതുന്നത്.