ഒക്‌ടോബർ 14-ന് മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ വെച്ചു നടക്കുന്ന 141-ാമത് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) സെഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അംഗങ്ങളുടെ പ്രധാനപ്പെട്ട മീറ്റിങ്ങുകളിൽ ഒന്നാണിത്. ഒളിംപിക് ഗെയിംസ് സംബന്ധിച്ച സുപ്രധാന കാര്യങ്ങളിൽ ഐഒസി സെഷനിൽ വെച്ച് ധാരണയാകും.
ഏകദേശം 40 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐഒസി സെഷന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഇത് രണ്ടാം തവണയാണ് കായികരംഗത്തെ ഈ പ്രധാന മീറ്റിങ്ങ് ഇന്ത്യയിൽ നടക്കുന്നത്. ഐഒസിയുടെ 86-ാമത് സെഷൻ 1983-ൽ ന്യൂഡൽഹിയിൽ സംഘടിപ്പിച്ചിരുന്നു.
ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സൗഹൃദം, ബഹുമാനം, മികവ് തുടങ്ങിയ ഒളിംപിക് ആദർശങ്ങൾ വളർത്തിയെടുക്കുന്നതിനുമുള്ള വേദി കൂടിയാകും മുംബൈയിൽ വെച്ചു നടക്കുന്ന ഐഒസി സെഷൻ. കായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായി ചർച്ചകൾ നടത്താനും ഈ സമ്മേളനത്തിലൂടെ സാധിക്കും.
ഇന്ത്യയുടെ ഒളിംപിക് ആവേശം ഉയർന്നു കഴിഞ്ഞു; നിതാ അംബാനിയുടെ ശ്രമങ്ങൾ അതീവ ശ്‌ളാഘനീയം; ഐഒസി പ്രസിഡന്റ് തോമസ് ബാച്ച്
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ചും ഐഒസിയിലെ മറ്റ് അംഗങ്ങളും ഇന്ത്യൻ കായിക രംഗത്തെ പ്രമുഖരും ഇന്ത്യൻ വിവിധ കായിക ഫെഡറേഷനുകളുടെ പ്രതിനിധികളും ഐഒസി സെഷനിൽ പങ്കെടുക്കും. യോഗത്തിന്റെ ഭാഗമായി, കായിക ലോകത്തെ പ്രമുഖരായ 600-ലധികം പേരും നൂറോളം രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരും മുംബൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ, ഐഒസി സെഷനിൽ 99 വോട്ടിംഗ് അംഗങ്ങളും 43 ഓണററി അംഗങ്ങളുമുണ്ട്. ഒളിമ്പിക് ചാര്‍ട്ടര്‍ അംഗീകരിക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, ഐഒസി അംഗങ്ങളുടെയും ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ്, ഒളിമ്പിക്സിന്റെ ആതിഥേയ നഗരത്തിന്റെ തിരഞ്ഞെടുപ്പ് എന്നിവ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ഐഒസി സെഷനാണ് ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുന്നത്. അതിനാല്‍ തന്നെ ഇത്തരമൊരു സെഷൻ ഇന്ത്യയിൽ നടക്കുന്നത് മുംബൈയ്ക്കും ഇന്ത്യയ്ക്കും അഭിമാനകരമായ നേട്ടമാണ്. ആഗോള കായിക ഭൂപടത്തില്‍ ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാനും ഈ സെഷൻ മൂലം സാധിക്കും.
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ 141-ാമത് സെഷൻ ഈ മാസം മുംബൈയിൽ; ഐഒസി യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് 40 വർഷത്തിന് ശേഷം
ഫ്ലാഗ് ഫുട്ബോൾ, ബേസ്ബോൾ, സോഫ്റ്റ്ബോൾ എന്നിവയ്‌ക്കൊപ്പം 2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റും ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് മുംബൈയിൽ ഒളിമ്പിക് കമ്മിറ്റി യോഗം ചേരുന്നത്. ക്രിക്കറ്റിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. 2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുമോ എന്നതു സംബന്ധിച്ച ഔപചാരിക പ്രഖ്യാപനം മുംബൈയിൽ നടക്കുന്ന ഐഒസി സെഷനിൽ ഉണ്ടായേക്കാം. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്‍ ഇന്ത്യയില്‍ നടക്കുന്നത്, രാജ്യത്തെ കായികരംഗത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. കൂടുതല്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനും ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിലും നിരവധി കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് കാരണമാകും. ഭാവിയിൽ യൂത്ത് ഒളിംപിക്‌സിനും ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യക്ക് താത്പര്യം ഉള്ളതിനാലും മുംബൈയിൽ നടക്കുന്ന ഈ യോഗം രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.