മിക്ക ഉപഭോക്താക്കളും വാട്സ്ആപ്പിലെ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ അംഗങ്ങളായിരിക്കും. ചിലർ ഗ്രൂപ്പുകളിൽ കുറഞ്ഞ സമയം മാത്രമാണ് ചെലവഴിക്കാറുള്ളതെങ്കില്‍, മറ്റു ചിലർ കൂടുതൽ നേരം ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതിൽ സമയം കണ്ടെത്തുന്നു. അത്തരത്തിൽ കൂടുതൽ സമയവും ഗ്രൂപ്പുകളിൽ ചെലവഴിക്കുന്നവർക്ക് കിടിലൻ ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പ് ഗ്രൂപ്പിൽ ഏതെങ്കിലും അജ്ഞാത കോൺടാക്ടിൽ നിന്നും സന്ദേശം ലഭിച്ചാൽ ഫോൺ നമ്പറുകൾക്ക് പകരം യൂസർ നെയിം തെളിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ വികസിപ്പിക്കുന്നത്.
സാധാരണയായി കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ആൾ ഗ്രൂപ്പുകളിൽ സന്ദേശമയക്കുമ്പോൾ അവരുടെ നമ്പറുകൾ മാത്രമാണ് ദൃശ്യമായിരുന്നത്. എന്നാൽ, പുതിയ അപ്ഡേറ്റ് എത്തുന്നതോടെ വാട്സ്ആപ്പിൽ ചേർക്കുന്ന യൂസർ നെയിമുകൾ മാത്രമാണ് ഗ്രൂപ്പിലെ അംഗങ്ങൾക്ക് കാണാൻ സാധിക്കുക. കൂടാതെ, ഗ്രൂപ്പിലെ സന്ദേശങ്ങളുടെ നോട്ടിഫിക്കേഷനുകളിലും, ഗ്രൂപ്പിലെ അംഗങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമ്പോഴും നമ്പറുകൾക്ക് പകരം യൂസർ നെയിം മാത്രമാണ് തെളിയുക. നിലവിൽ, ഈ ഫീച്ചർ ബീറ്റ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ ഈ ഫീച്ചർ എല്ലാ ഉപഭോക്താക്കളിലേക്കും എത്തുന്നതാണ്.