ക്രോം ബ്രൗസറിൽ തേഡ് പാർട്ടി കുക്കീസിന് പൂട്ടുവീഴുന്നു! പുതിയ നീക്കവുമായി ഗൂഗിൾ


ക്രോം ബ്രൗസറുകളിൽ തേഡ് പാർട്ടി കുക്കീസിന് വിലക്കേർപ്പെടുത്താനൊരുങ്ങി ഗൂഗിൾ. 2024 ജനുവരി 4 മുതലാണ് ഗൂഗിൾ ക്രോം ബ്രൗസറിൽ നിന്ന് കുക്കീസ് നീക്കം ചെയ്യുക. ഇന്റർനെറ്റിൽ വിവിധ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ ശേഖരിക്കുന്ന ഡാറ്റയാണ് കുക്കീസ്. ഇന്റർനെറ്റിൽ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാനും, ഉപഭോക്താക്കളുടെ ഓൺലൈൻ പെരുമാറ്റം പിന്തുടരാനും, താൽപ്പര്യമുള്ള വിഷയങ്ങളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാനുമെല്ലാം കുക്കീസ് ഉപയോഗപ്പെടുത്താറുണ്ട്. അതേസമയം, ഉപഭോക്താക്കൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾ അല്ലാത്ത, മറ്റു വെബ്സൈറ്റുകൾ സൃഷ്ടിക്കുന്ന കുക്കീസിനെയാണ് തേഡ് പാർട്ടി കുക്കീസ് എന്ന് പറയുന്നത്. ഈ കുക്കീസുകളാണ് അടുത്ത വർഷം മുതൽ ഗൂഗിൾ നീക്കം ചെയ്യുക.

ഉപഭോക്താക്കൾ ഒരു ന്യൂസ് വെബ്സൈറ്റ് സന്ദർശിക്കുകയാണെങ്കിൽ, ആ വെബ്സൈറ്റിൽ മറ്റൊരു വെബ്സൈറ്റിൽ നിന്നുള്ള പരസ്യം കൂടി പ്രദർശിപ്പിക്കുന്നുണ്ടെങ്കിൽ ആ പരസ്യ വെബ്സൈറ്റ് കൂടി ഉപഭോക്താക്കളുടെ ബ്രൗസറിൽ കുക്കീസ് സെറ്റ് ചെയ്യും. ന്യൂസ് വെബ്സൈറ്റിൽ എന്തൊക്കെ പരസ്യങ്ങളാണ് ഉപഭോക്താക്കൾ ക്ലിക്ക് ചെയ്യുന്നത് എന്നത് സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഇത്തരത്തിൽ ശേഖരിക്കുന്നതാണ്. പിന്നീട് ആ കുക്കീസിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കൾക്ക് പരസ്യങ്ങൾ ദൃശ്യമാകുക. ഈ സംവിധാനത്തെയാണ് തേഡ് പാർട്ടി കുക്കീസ് എന്ന് പറയുന്നത്. കുക്കീസിന് പകരം, ഒട്ടനവധി സുരക്ഷയുള്ള പുതിയ ട്രാക്കിംഗ് സംവിധാനം അവതരിപ്പിക്കാനാണ് ഗൂഗിളിന്റെ തീരുമാനം. ഇതിനായി ട്രാക്കിംഗ് പ്രൊട്ടക്ഷൻ എന്ന ഫീച്ചറിനാണ് രൂപം നൽകുക. ഈ ഫീച്ചർ വിൻഡോസ്, ലിനക്സ്, മാക്, ആൻഡ്രോയിഡ്, ഐഒഎസ് വേർഷനുകളിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് ജനുവരി 4 മുതൽ ലഭിക്കുന്നതാണ്.

യാത്ര, സിനിമ, ഫോട്ടോഗ്രാഫി തുടങ്ങിയ വെബ്സൈറ്റുകൾ സന്ദർശിക്കുകയാണെങ്കിൽ അവ ഉപഭോക്താക്കളുടെ ഇഷ്ട വിഷയമായി പരിഗണിക്കുകയും, ഓരോ ആഴ്ചയിലും പുതിയ വിഷയങ്ങൾ ചേർക്കുന്ന തരത്തിലുമാണ് ട്രാക്കിംഗ് പ്രൊട്ടക്ഷൻ ഫീച്ചർ പ്രവർത്തിക്കുക. കൂടാതെ, മൂന്നാഴ്ചയോളം ഇഷ്ട വിഷയങ്ങൾ നിലനിർത്തുകയും ചെയ്യും. 2024 ജൂൺ പകുതിയോടെയാണ് എല്ലാ ക്രോം ഉപഭോക്താക്കളിലേക്കും ട്രാക്കിംഗ് പ്രൊട്ടക്ഷൻ ഫീച്ചർ അവതരിപ്പിക്കാൻ ഗൂഗിൾ പദ്ധതിയിടുന്നത്.