ബഡ്ജറ്റിൽ ഒതുങ്ങുന്ന 5ജി ഹാൻഡ്സെറ്റ്! റിയൽമി സി67 ഇന്ത്യൻ വിപണിയിലെത്തി


രാജ്യത്തുടനീളം 5ജി കണക്ടിവിറ്റി ലഭ്യമായി തുടങ്ങിയതോടെ, 5ജി ഹാൻഡ്സെറ്റുകൾ വിപണിയിൽ എത്തിക്കാനുള്ള തിരക്കിലാണ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ. സാധാരണക്കാരെ ആകർഷിക്കുന്നതിനായി ബഡ്ജറ്റിൽ ഒതുങ്ങുന്ന 5ജി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കാനും ബ്രാൻഡുകൾ തമ്മിൽ മത്സരമാണ്. ഇപ്പോഴിതാ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന 5ജി സ്മാർട്ട്ഫോൺ വിപണിയിൽ എത്തിച്ചേരിക്കുകയാണ് റിയൽമി. റിയൽമിയുടെ സി സീരീസിൽ വരുന്ന റിയൽമി സി67 5ജി സ്മാർട്ട്ഫോണാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 15,000 രൂപയിൽ താഴെ വില വരുന്ന ഈ സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയാം.

6.72 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് റിയൽമി സി67 5ജി സ്മാർട്ട് ഫോണിന് നൽകിയിരിക്കുന്നത്. ഡിസ്പ്ലേയ്ക്ക് 680 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 685 ചിപ്സെറ്റാണ് കരുത്ത് പകരുന്നത്. 50 മെഗാപിക്സൽ എഐ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറാണ് മറ്റൊരു പ്രത്യേകത. 33 വാട്സ് SUPERVOOC ചാർജിംഗ് പിന്തുണയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാങ്ങാനാകും. 15,000 രൂപയിൽ താഴെ മാത്രമാണ് ഈ രണ്ട് സ്മാർട്ട്ഫോണുകളുടെയും വില.