ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! കോപൈലറ്റ് ആപ്പുമായി മൈക്രോസോഫ്റ്റ് എത്തി, സവിശേഷതകൾ അറിയാം
ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ആൻഡ്രോയ്ഡിന് വേണ്ടിയുള്ള മൈക്രോസോഫ്റ്റ് കോപൈലറ്റ് ആപ്പാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും കോപൈലറ്റ് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ബിങ് മൊബൈൽ ആപ്പിന്റെ സഹായമില്ലാതെ തന്നെ കോപൈലറ്റ് ആപ്പ് ഉപയോഗിക്കാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത.
ചാറ്റ്ജിപിടിയെ പോലെ വിവിധ ജോലികൾ ചെയ്യാൻ മൈക്രോസോഫ്റ്റ് കോപൈലറ്റ് ആപ്പിന് കഴിയുന്നതാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് ഒരു ചാറ്റ്ബോട്ടായി പ്രവർത്തിക്കാൻ സാധിക്കും. കൂടാതെ, ഡാൽ-ഇ 3 ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കാനും, ഇമെയിലുകളും രേഖകളും തയ്യാറാക്കാനും കഴിയുന്നതാണ്. ബിങ് ചാറ്റിനെ കോപൈലറ്റ് ആക്കി ബ്രാൻഡ് ചെയ്തതിനുശേഷമാണ് കോപൈലറ്റ് ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്. നിലവിൽ, copilot.microsoft.com എന്ന പേരിൽ ഒരു പ്രത്യേക ഡൊമൈൻ തന്നെ ഇവയ്ക്ക് ഉണ്ട്. എഐ ടൂളുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് കോപൈലറ്റ് ആപ്പ് ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കായി പുറത്തിറക്കിയത്. അധികം വൈകാതെ ഐഒഎസിലേക്കും ഇവ എത്തിയേക്കുമെന്നാണ് സൂചന.
Also Read: രാജ്യത്ത് ഇന്ധനവില കുറച്ചേക്കും: നിർണായക പ്രഖ്യാപനം ഉടൻ