ഇന്ന് പെരിഹീലിയൻ ദിനം: ഭൂമി സൂര്യന് ഏറ്റവും അടുത്തെത്തുന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ശാസ്ത്രലോകം


2024-ൽ ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ശാസ്ത്രലോകം. ഭൂമിയോട് തൊട്ടടുത്തായി സൂര്യൻ എത്തുന്ന ഈ ദിവസത്തെ പെരിഹീലിയൻ ദിനമെന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ഇന്ന് ഭൂമിയും സൂര്യനും തമ്മിലുള്ള അകലം 147 മില്യണ്‍  കിലോമീറ്ററാണ്. പെരിഹീലിയൻ സമയത്ത് പ്രകാശത്തിന് ഏകദേശം 7 ശതമാനം കൂടുതൽ തീവ്രതയുണ്ടെന്ന് കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകർ വ്യക്തമാക്കി. ഇന്ന് രാവിലെ 6:08-നാണ് ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തിയത്.

പെരിഹീലിയൻ എല്ലാ വർഷവും ഒരേ ദിവസമല്ല സംഭവിക്കുന്നത്. രണ്ട് വർഷങ്ങളിലെ പെരിഹീലിയൻ ദിനങ്ങൾ തമ്മിൽ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസം ഉണ്ടാകാറുണ്ട്. ഗ്രീക്കില്‍ നിന്നാണ് പെരിഹീലിയന്‍ എന്ന വാക്കുണ്ടായത്. പെരി എന്നാല്‍ അരികെ എന്നും, ഹീലിയോസ് എന്നാല്‍ സൂര്യന്‍ എന്നുമാണ് അര്‍ത്ഥം. അതേസമയം, ഭൂമി സൂര്യനില്‍ നിന്ന് ഏറ്റവും അകലെ നില്‍ക്കുന്ന അവസ്ഥയ്ക്ക് അഫീലിയൻ എന്നാണ് പറയുക. പെരിഹീലിയനും അഫീലിയനും സംഭവിക്കാന്‍ കാരണം സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥം ദീര്‍ഘവൃത്താകൃതിയിലാണ് എന്നതാണ്. അഫീലിയന്‍ പൊതുവേ ജൂലൈ ആദ്യ വാരമാണ് സംഭവിക്കാറുള്ളത്.