ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ ദിവസവും ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകൾ ഉൾപ്പെടുത്താൻ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഫോൺ നമ്പർ ഇല്ലാതെയും സുഹൃത്തുക്കളെ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സ്ആപ്പ്. ഉപഭോക്താക്കളുടെ യൂസർ നെയിം അടിസ്ഥാനമാക്കി സെർച്ച് ചെയ്യാൻ സഹായിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്യുക. ആദ്യ ഘട്ടത്തിൽ വാട്സ്ആപ്പ് വെബ് ഉപഭോക്താക്കളിലേക്ക് പുതിയ ഫീച്ചർ എത്തിക്കാനാണ് പദ്ധതിയിടുന്നത്. തുടർന്ന് മൊബൈൽ വേർഷനിലും യൂസർ നെയിം അടിസ്ഥാനമാക്കിയുള്ള സെർച്ച് ഫീച്ചർ ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ട്.
പുതിയ ഫീച്ചർ എത്തുന്നതോടെ ഉപഭോക്താക്കൾക്ക് യൂസർ നെയിം, ഫോൺ നമ്പർ അല്ലെങ്കിൽ പേര് എന്നിവ ഉപയോഗിച്ച് മറ്റ് ഉപഭോക്താക്കളെ ‘സെർച്ച്’ ചെയ്യാൻ സാധിക്കും. വാട്സ്ആപ്പ് വെബ് സെർച്ച് ബാറിലാണ് ഇതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുക. ഈ ഫീച്ചറിലൂടെ ഉപഭോക്താക്കളുമായുള്ള ആശയവിനിമയം കൂടുതൽ സുഗമമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിൽ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ യൂസർ നെയിം അടിസ്ഥാനമാക്കിയാണ് സെർച്ച് സാധ്യമാകുന്നത്.