ചരിത്രക്കുതിപ്പിലേക്കുളള ആദ്യ ചുവടുവയ്പ്പുമായി ആദിത്യ എൽ-1: നിർണായക ഭ്രമണപഥ മാറ്റം നാളെ


ന്യൂഡൽഹി: സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ-1 ചരിത്രക്കുതിപ്പിലേക്ക്. പേടകത്തിന്റെ ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച്-1 എന്ന സങ്കൽപ്പിക ബിന്ദുവിലേക്കുള്ള നിർണായക ഭ്രമണപഥ മാറ്റം നാളെ ഉച്ചയോടെ നടക്കുന്നതാണ്. പേടകത്തിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണ് ഭ്രമണപഥം മാറ്റുക. സാങ്കൽപ്പിക ബിന്ദുവായതിനാൽ കൃത്യമായ കണക്കുകൂട്ടലുകൾക്കാണ് ഏറെ പ്രാധാന്യം. ഭ്രമണപഥം മാറ്റൽ വിജയകരമായി പൂർത്തിയാക്കിയാൽ, പേടകം അവിടെ ദീർഘവൃത്ത ഹാലോ ഭ്രമണപഥം തീർക്കുന്നതാണ്. പിന്നീടുള്ള പ്രവർത്തനത്തിന് ഇന്ധനം വേണ്ടിവരില്ല.

സൂര്യന് നേരെ സദാസമയവും പേടകം നിൽക്കുന്നതിനാൽ പ്രവർത്തിപ്പിക്കാൻ സോളാർ എനർജിയാണ് ഉപയോഗിക്കുക. ഭൂമിക്കൊപ്പം തന്നെ സൂര്യനെയും വലം വയ്ക്കുന്നതിനാൽ ഭൂമിയിൽ നിന്നുള്ള നിയന്ത്രണവും നഷ്ടപ്പെടുകയില്ല. എമിഷൻ കൊറോണ ഗ്രാഫ്, അൾട്രാ വയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ്, ലോ എനർജി, ഹൈ എനർജി എക്സറേ ഇൻസ്പെക്ടർ മീറ്ററുകൾ എന്നിവ ദീർഘദൂര നിരീക്ഷണത്തിനായി പേടകത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.

സൗരവാതങ്ങൾ, റേഡിയേഷനുകൾ, സൂര്യനിൽ നിന്നുള്ള മറ്റ് ശാക്തിക സ്ഫുരണങ്ങൾ, ഇവ ഭൂമിയുടെ കാന്തിക വലയത്തിൽ ഉണ്ടാക്കുന്ന മാറ്റം എന്നിവയാണ് ആദിത്യ പ്രധാനമായും പഠിക്കുക. അഞ്ച് വർഷമാണ് ആദിത്യയുടെ കാലാവധി. സൂര്യനും ഭൂമിയും തമ്മിലുള്ള ഗുരുത്വാകർഷണം സന്തുലിതമായ 5 സ്ഥാനങ്ങളെയാണ് ലെഗ്രാഞ്ച് പോയിന്റുകൾ എന്ന് വിശേഷിപ്പിക്കുന്നത്. ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ജോസഫ് ലെഗ്രാഞ്ച് ആണ് ഇത് കണ്ടെത്തിയത്.