വരിക്കാരുടെ എണ്ണം തുടരെത്തുടരെ കുറയുന്ന സാഹചര്യത്തിൽ വിപണി വിഹിതം കൂട്ടാൻ പുതിയ പദ്ധതികളുമായി ബിഎസ്എൻഎൽ രംഗത്ത്. 4ജി സൗകര്യം അവതരിപ്പിക്കുന്നതിന്റെ കരുത്തിൽ ഈ വർഷം അവസാനത്തോടെ മൊബൈൽ വരിക്കാരുടെ എണ്ണത്തിലെ വിപണി വിഹിതം 20 ശതമാനത്തിലധികമായി ഉയർത്താനാണ് ബിഎസ്എൻഎല്ലിന്റെ തീരുമാനം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്ത് 8.08 ശതമാനം വിപണി വിഹിതം മാത്രമാണ് ബിഎസ്എൻഎല്ലിന് ഉള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഘട്ടം ഘട്ടമായി 4ജി കണക്ടിവിറ്റി വിന്യസിക്കുന്നതോടെ ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാൻ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി സേവനം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. നിലവിൽ, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പരീക്ഷണ അടിസ്ഥാനത്തിൽ 4ജി സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശ് ഈസ്റ്റിലും ഉത്തർപ്രദേശ് വെസ്റ്റിലും 4ജി കണക്ടിവിറ്റി എത്തിക്കാനാണ് ബിഎസ്എൻഎല്ലിന്റെ തീരുമാനം. കൂടാതെ, ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും പരിഗണനയിലുണ്ട്. 4ജി കണക്ടിവിറ്റി ഉറപ്പുവരുത്തിയാൽ, 2025 ഓടെ 5ജി മുന്നേറ്റത്തിനും ബിഎസ്എൻഎൽ തുടക്കമിടുന്നതാണ്. 2025-ന്റെ തുടക്കത്തിൽ തന്നെ 5ജി കണക്ടിവിറ്റി എത്തിക്കാനാണ് തീരുമാനം.