ആഡ് ബ്ലോക്കർ ആപ്പുകൾക്കെതിരെ സ്വരം കടുപ്പിച്ച് യൂട്യൂബ്, നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും


ആഡ് ബ്ലോക്കർ ആപ്പുകൾക്കെതിരെ വീണ്ടും കർശന നടപടിയുമായി യൂട്യൂബ് രംഗത്ത്. യൂട്യൂബിന്റെ മാനദണ്ഡങ്ങൾ മറികടന്നാണ് മിക്ക ഉപഭോക്താക്കളും ആഡ് ബ്ലോക്കർ ആപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നത്. ആഡ് ബ്ലോക്കർ ഉപയോഗിക്കുന്നവർക്ക് പരമാവധി മൂന്ന് വീഡിയോകൾ മാത്രമേ കാണാൻ സാധിക്കുകയുള്ളൂവെന്ന് യൂട്യൂബ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നിയന്ത്രണമാണ് ഇപ്പോൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുന്നത്. മൂന്ന് വീഡിയോകൾ കണ്ടുകഴിഞ്ഞാൽ, വീഡിയോകൾ കാണുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തും. ആഡ് ബ്ലോക്കർ ആപ്പുകളെ നിയന്ത്രിക്കാൻ കഴിഞ്ഞ വർഷം മുതലാണ് യൂട്യൂബ് കടുത്ത നിയന്ത്രണങ്ങൾ അവതരിപ്പിച്ച് തുടങ്ങിയത്.

യൂട്യൂബിന്റെ പ്രീമിയം വരിക്കാർക്ക് മാത്രമേ പരസ്യങ്ങൾ ഇല്ലാതെ യൂട്യൂബിലെ വീഡിയോകൾ കാണാൻ സാധിക്കൂ. സാധാരണ ഉപഭോക്താക്കൾ വീഡിയോകൾ കാണുമ്പോൾ നിർബന്ധമായും പരസ്യങ്ങളും കാണേണ്ടതുണ്ട്. ഇത് മറികടക്കുന്നതിനായാണ് മിക്ക ആളുകളും ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നത്. യൂട്യൂബിന്റെ പ്രധാന വരുമാന സ്രോതസ്സ് തന്നെ പരസ്യങ്ങളാണ്. അതിനാൽ, ഇത്തരം ആഡ് ബ്ലോക്കർ ആപ്പുകളുടെ പ്രവർത്തനം നിരുത്സാഹപ്പെടുത്താനുള്ള മുഴുവൻ ശ്രമങ്ങളും യൂട്യൂബ് നടത്തുന്നുണ്ട്.

ആഡ് ബ്ലോക്കറുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ വീഡിയോ പ്ലേ ചെയ്യുന്നതിലൂടെ ലാഗും ബഫറിംഗും ഉൾപ്പെടെയുള്ള തടസ്സങ്ങൾ അനുഭവപ്പെടുന്നതാണ്. കൂടാതെ, വീഡിയോകൾ പ്ലേ ചെയ്യുന്നതിന് കാലതാമസം നേരിടും. പ്രിവ്യൂ സംവിധാനം, ഫുൾ സ്ക്രീൻ മോഡ് എന്നിവ പ്രവർത്തിപ്പിക്കുന്നതിന് തടസ്സങ്ങൾ ഉണ്ടാകും. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതോടെ ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നവർക്ക് യൂട്യൂബ് ഒരു തരത്തിലും ഉപയോഗിക്കാൻ കഴിയാതെ വരും.