‘ഓൺലൈൻ ആപ്പ് വഴി അയോധ്യയിൽ വിഐപി പ്രവേശനം’, വ്യാജ വാഗ്ദാനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്


ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22-ന് നടക്കാനിരിക്കെ സൈബർ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. ക്ഷേത്രം തുറക്കുന്നത് മുതലെടുത്ത് ഭക്തരെ കബളിപ്പിക്കുന്ന വ്യാജ സംഘങ്ങൾക്കെതിരെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓൺലൈൻ ആപ്പ് വഴി ബുക്ക് ചെയ്യുന്നതിലൂടെ ക്ഷേത്രത്തിൽ വിഐപി പ്രവേശനം സാധ്യമാക്കുന്ന തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളാണ് നൽകുന്നത്. അതിനാൽ, ഇത്തരം തട്ടിപ്പുകളിൽ യാതൊരു കാരണവശാലും വീഴാൻ പാടുള്ളതല്ല.

‘രാമ ജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ’ എന്ന പേരിലാണ് വ്യാജ ഓൺലൈൻ ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. അനധികൃതമായി പ്രവർത്തിക്കുന്ന ഈ ആപ്പ് വിവിധ സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ ബിലാസ്പൂർ പോലീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുള്ളത്. അയോധ്യ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റ് ഇതുവരെ രാമ ജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ എന്ന പേരിലുള്ള ആപ്പ് പുറത്തിറക്കിയിട്ടില്ല. ആകർഷകമായ സേവനങ്ങളാണ് ഈ ആപ്പിൽ വാഗ്ദാനം ചെയ്യുന്നത്. കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ ആപ്പ് യാതൊരു കാരണവശാലും ഡൗൺലോഡ് ചെയ്യാൻ പാടില്ല.