ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ കാത്തിരിപ്പുകൾക്കൊടുവിൽ ചാനലിലും പോൾ ഫീച്ചർ എത്തിയിരിക്കുകയാണ്. നിലവിൽ, ഐഒഎസ് പ്ലാറ്റ്ഫോമിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ പോൾ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ചാനൽ ഉടമകൾക്ക് ഭൂരിപക്ഷാഭിപ്രായം അറിയാൻ സാധിക്കും. മാസങ്ങൾക്കു മുൻപ് തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോൾ ഫീച്ചർ ലഭ്യമാക്കിയിരുന്നു.
ചാനലിൽ ചാറ്റ് അറ്റാച്മെന്റ് മെനുവിലാണ് പുതിയ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. പോൾ സൃഷ്ടിക്കുന്നതിൽ ചാനൽ ഉടമകൾക്ക് പൂർണമായി നിയന്ത്രണം നൽകുന്ന തരത്തിലാണ് ഫീച്ചറിന്റെ പ്രവർത്തനം. ഒന്നിലധികം ഉത്തരങ്ങൾ നൽകുന്നത് ഒഴിവാക്കി, ഒരെണ്ണം മാത്രം തിരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചാനൽ ഫോളോ ചെയ്യുന്നവർക്ക് ഈ ഫീച്ചർ കൂടുതൽ ഉപകാരപ്രദമാകും. സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ പോളിൽ വോട്ട് ചെയ്യുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയില്ല. ഈ ഫീച്ചർ ഉപയോഗിക്കുന്നവർക്ക് മൊത്തം എത്ര വോട്ട് കിട്ടിയെന്ന് മാത്രമേ അറിയാൻ കഴിയുകയുള്ളൂ.